കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഇ.എം.സി.സി. ഡയറക്ടർ ഷിജു വർഗീസ് തന്നെയാണെന്ന് പോലീസ്. ഷിജു വർഗീസിനെ പോലീസ് ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്തു. കേസിൽ ഇയാളും പ്രതിയാകുമെന്നും കാർ കത്തിക്കാൻ ഗൂഢാലോചന നടത്തിയത് ഷിജു വർഗീസാണെന്നും പോലീസ് പറഞ്ഞു.

ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷൻ സംഘാംഗമാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് ഷിജുവർഗീസിന്റെ ഡ്രൈവറെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം രാവിലെയാണ് ഇ.എം.സി.സി. ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമമുണ്ടായത്. സംഭവത്തിൽ ഷിജുവർഗീസിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

എന്നാൽ കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജുവർഗീസ് തന്നെയാണെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിയായ മേഴ്സിക്കുട്ടിയമ്മയാണ് ആദ്യം ആരോപണമുന്നയിച്ചത്. ബോധപൂർവം ആക്രമണം നടത്തി ഇത് എൽഡിഎഫ് ചെയ്തതാണെന്ന് വരുത്തിതീർക്കാനായിരുന്നു ഷിജുവർഗീസ് ശ്രമിച്ചതെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം.

Content Highlights:emcc director shiju vargheese in police custody