സാന്‍ ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനിക്കെതിരേ പരാതിയുമായി ജീവനക്കാരി. ടെസ്ലയുടെ ഫ്രീമോണ്ടിലെ ഫാക്ടറിയില്‍ നിരന്തരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപിച്ചാണ് ജീവനക്കാരിയായ ജെസിക്ക ബരാസ കമ്പനിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. 

ടെസ്ല മോഡല്‍ 3-യുടെ പ്രൊഡക്ഷന്‍ അസ്സോസിയേറ്റായാണ് ജെസിക്ക ജോലിചെയ്യുന്നത്. കമ്പനിയിലെ ജോലിക്കിടെ സഹപ്രവര്‍ത്തകര്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നത് പതിവാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ അനുഭവിച്ചുവരികയാണെന്നും പരാതിയില്‍ പറയുന്നു. 

കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ ശരീരത്തെക്കുറിച്ച് ലൈംഗിച്ചുവയോടെ സന്ദേശങ്ങള്‍ അയച്ചു. ജോലിക്കിടെ സഹപ്രവര്‍ത്തകര്‍ പലരും മോശമായരീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചു. ആഴ്ചയില്‍ പലതവണ സഹപ്രവര്‍ത്തകര്‍ തന്റെ പിന്‍ഭാഗത്ത് കടന്നുപിടിച്ചെന്നും പരാതിയിലുണ്ട്. 

നിരന്തരമായ ലൈംഗികാതിക്രമമാണ് ടെസ്ലയില്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനും തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകളും ഫാക്ടറിയില്‍ നിരന്തരമായ ഉപദ്രവങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുകയാണ്. ലൈംഗികാതിക്രമമില്ലാതെ ഫാക്ടറിയില്‍ ജോലിക്ക് വരാനും ജോലിചെയ്യാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഫാക്ടറിയിലെ അനുഭവങ്ങള്‍ കടുത്ത ആഘാതമേല്‍പ്പിച്ചെന്നും പരാതിക്കാരി പറഞ്ഞു. 

അതേസമയം, ജീവനക്കാരിയുടെ പരാതിയെക്കുറിച്ച് ടെസ്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, ഇതേ പ്ലാന്റില്‍ വംശീയ അധിക്ഷേപം നേരിട്ടതായി മുന്‍ കരാറുകാരന്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് 137 മില്യണ്‍ ഡോളറാണ് കമ്പനി നല്‍കിയത്.  ടെസ്ലയുടെ മോഡല്‍ S, മോഡല്‍ 3, മോഡല്‍ X, മോഡല്‍ Y ഇലക്ട്രിക് കാറുകളാണ് ഫ്രീമോണ്ടിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്. 

Content Highlights: elon musks tesla woman employee complaint about sexual harassment