ഗാസിയബാദ്: വൈദ്യുതി മോഷണം പിടിക്കപ്പെടാതിരിക്കാന്‍ യുവാവ് കാണിച്ച 'സാഹസികത' സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്നുള്ള 17 സെക്കന്‍ഡ് വീഡിയോയാണ് ട്രോളുകളായും മീമുകളായും പ്രചരിക്കുന്നത്. 

ഗാസിയാബാദിലെ മുരാദ്‌നഗറിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഈ സംഭവം നടന്നത്. ഇവിടത്തെ ചില താമസക്കാര്‍ വൈദ്യുതിലൈനുകളില്‍നിന്നും പോസ്റ്റുകളില്‍നിന്നും അനധികൃതമായി കേബിള്‍ വലിച്ച് വൈദ്യുതി മോഷ്ടിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആന്റി-പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പ്രദേശത്ത് റെയ്ഡിനെത്തിയത്. ഓരോ വീടുകളിലും ഇവര്‍ വിശദമായ പരിശോധന നടത്തി. ഇതിനിടെയാണ് പ്രദേശവാസിയായ യുവാവ് മോഷണം പിടിക്കപ്പെടാതിരിക്കാന്‍ കാണിച്ച 'സാഹസികത' ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടത്. 

പ്രദേശത്ത് റെയ്ഡ് നടക്കുന്നതറിഞ്ഞ് തന്റെ വീട്ടിലേക്ക് അനധികൃതമായി വലിച്ച കേബിള്‍ മുറിച്ചുമാറ്റാനായിരുന്നു യുവാവിന്റെ ശ്രമം. ആരും കാണാതിരിക്കാന്‍ ബാല്‍ക്കണിയിലെ തറയിലൂടെ ഇഴഞ്ഞാണ് യുവാവ് കേബിളിനടുത്ത് എത്തിയത്. ഇതെല്ലാം തൊട്ടടുത്ത വീടിന്റെ ടെറസില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ കാണുന്നുണ്ടായിരുന്നു. യുവാവ് ചെയ്തതെല്ലാം ഇദ്ദേഹം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തി കേബിള്‍ മുറിച്ചുമാറ്റാന്‍ ഒരുങ്ങുന്നതിനിടെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന്‍ ഇടപെടുകയായിരുന്നു. 'ഞാന്‍ ഇവിടെയുണ്ട് സഹോദരാ'  എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോളാണ് യുവാവ് തിരിഞ്ഞുനോക്കിയത്. ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ഈ 17 സെക്കന്‍ഡ് വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

Content Highlights: electricity thief attempt to snip cable viral video