ന്യൂഡൽഹി: വയോധികയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഓടയിൽ തള്ളിയ കേസിൽ അയൽക്കാരായ ദമ്പതിമാർ അറസ്റ്റിൽ. ഡൽഹി ദ്വാരക സ്വദേശി കവിത(72)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അയൽക്കാരായ അനിൽ ആര്യ, ഭാര്യ തനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കവിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ദമ്പതിമാർ, പിന്നീട് നജഫ്ഘട്ടിലെ ഓടയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു.

കവിതയിൽനിന്ന് കടംവാങ്ങിയ ഒരുലക്ഷം രൂപ ഇവർ തിരിച്ചുചോദിക്കാൻ തുടങ്ങിയതോടെയാണ് ദമ്പതിമാർ കൊലപാതകം ആസൂത്രണം ചെയ്തത്. തുടർന്ന് പണം നൽകാനെന്ന വ്യാജേന ജൂൺ 30-ന് കവിതയുടെ വീട്ടിലെത്തി ഇവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയതോടെ കത്തി കൊണ്ട് മൃതദേഹം വെട്ടിനുറുക്കി മൂന്ന് ബാഗുകളിലാക്കി. ഇതുമായി വീട് വിട്ടിറങ്ങിയ പ്രതികൾ ഇത് നജഫ്ഘട്ടിലെ ഓടയിൽ തള്ളുകയായിരുന്നു.

ജൂലായ് മൂന്നിനാണ് സംഭവത്തെക്കുറിച്ച് പോലീസിന് ആദ്യം വിവരം ലഭിക്കുന്നത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ കവിതയെ കണ്ടില്ലെന്ന് പറഞ്ഞ് മരുമകളാണ് ആദ്യം പോലീസിനെ സമീപിച്ചത്. ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ അയൽക്കാരായ ദമ്പതിമാരെ കാണാനില്ലെന്നും ഇവരെ സംശയമുണ്ടെന്നും മരുമകൾ പോലീസിനെ അറിയിച്ചു. ഇതോടെയാണ് അനിലിനെയും ഭാര്യയെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

ദമ്പതിമാരെ കണ്ടെത്താനായി ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ഒടുവിൽ മൊബൈൽ ടവർ ലൊക്കേഷനും മറ്റുവിവരങ്ങളും സംഘടിപ്പിച്ച് പുതുതായി താമസം ആരംഭിച്ച വാടകവീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു. ഇവന്റ് മാനേജറായ അനിൽ ലോക്ഡൗൺ കാലത്താണ് ഒരുലക്ഷം രൂപ കവിതയിൽനിന്ന് കടമായി വാങ്ങിയത്. അടുത്തിടെയായി കവിത ഇവരോട് പണം തിരികെനൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ടി.വി. സീരിയലാണ് ഇതിന് പ്രചോദനമായതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

Content Highlights:elderly woman killed by couple in delhi