പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മറ്റാരും സഹായത്തിനില്ലാതെ താമസിക്കുന്ന വയോധിക ദമ്പതിമാര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്.  റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവന്‍ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.  

നേരെയുമായ അജ്ഞാതരുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് താഴെ നെല്ലിയമ്പം കാവടത്തെ ജനങ്ങള്‍. അപ്രതീക്ഷിതമായെത്തിയ വാര്‍ത്ത നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.

മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും.

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍  കഴിഞ്ഞില്ല.

റോഡില്‍നിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്. ഇരുനില വീടിന്റെ മുകള്‍ ഭാഗത്ത് കൂടെയാണ് അക്രമികള്‍ വീടിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പത്മാവതിയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍, പനമരം, കേണിച്ചിറ, മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അടക്കമുള്ളവര്‍ രാത്രി സ്ഥലത്തെത്തി.

പ്രതികളെ ഉടന്‍ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം കോവിഡ് രണ്ടാം തരംഗത്തിനിടെ നാട്ടുകാര്‍ക്ക് കൂടി രോഗം പകരാതിരിക്കാന്‍ വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പനമരം, നീര്‍വാരം സ്‌കൂളുകളിലും കേശവന്‍ കായികാധ്യാപകനായിരുന്നു.

Content Highlight: Elderly couple hacked to death in Wayanad