പത്തനംതിട്ട: ഇലന്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ട കേസില്‍ മകനും ബന്ധുവും സുഹൃത്തുക്കളും ഉള്‍പ്പെടെ ഏഴുപേര്‍ പിടിയിലായി. കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടിയെ കൊന്ന കേസില്‍ മകനും ബി.ടെക്. വിദ്യാര്‍ഥിയുമായ റെബിന്‍ വര്‍ഗീസ്(20), ബന്ധുവായ പ്രകാശ്(47), സുഹൃത്തുക്കളായ അമ്പു(38), ഷാജി (52), രാജന്‍ (55), സുജിത് (39), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏബ്രഹാമിനെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് പറയുന്നതിങ്ങനെ:-

ഏബ്രഹാം, കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു. അമ്മയും മക്കളും ചെങ്ങന്നൂരിലായിരുന്നുതാമസം. ഇരുകൂട്ടരുമായി സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളും നിലനിന്നിരുന്നു. ഇലന്തൂരിലെ വീട്ടില്‍ തിരികെവന്ന് താമസിക്കാനുള്ള കോടതി ഉത്തരവ് ഭാര്യ നേടിയിരുന്നു. എന്നാല്‍, ഏബ്രഹാം ഭാര്യയെയും മക്കളെയും വീട്ടില്‍ കയറ്റാതെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്തി.

ഇതേതുടര്‍ന്ന്, റെബിന്‍ അച്ഛനെ മര്‍ദിക്കാന്‍ തീരുമാനിച്ചു. ഇതിനായി സുഹൃത്ത് ഷാജിയുടെ സഹായംതേടി. ഇയാളാണ് മറ്റുള്ളവരെ കൂടെക്കൂട്ടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ സംഘം കമ്പിവടിയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി റെബിന്റെ നേതൃത്വത്തില്‍ ഇലന്തൂരിലെ വീട്ടിലെത്തി.

മകന്‍ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഏബ്രഹാം കതക് തുറന്നു. ഈ സമയം പ്രകാശ് കമ്പിവടികൊണ്ട് ഇദ്ദേഹത്തെ അടിച്ചു. അടുക്കളയിലേക്ക് ഓടിയ ഏബ്രഹാം വെട്ടുകത്തികൊണ്ട് തിരികെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ അമ്പു കത്തികൊണ്ട് കഴുത്തിന് വെട്ടി. മുറിവില്‍നിന്ന് രക്തം വന്നതോടെ മകനും സുഹൃത്തുക്കളും രക്ഷപ്പെട്ടു.

ചോരയിലെ കാല്‍പ്പാടുകളും വിരലടയാളങ്ങളും കൊലപാതകികളെ കണ്ടെത്തുന്നതില്‍ പോലീസിന് സഹായകമായി. പിടിയിലായവര്‍ സ്ഥലത്ത് എത്തിയിരുന്നതായി മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍നിന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരിപ്പും നിര്‍ണായകമായി.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.കെ.സുള്‍ഫിക്കര്‍, ഡിവൈ.എസ്.പി. എ.പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.െഎ.മാരായ ബിനീഷ് ലാല്‍, രാജേഷ്, മനോജ്, എസ്‌.െഎ.മാരായ സഞ്ജു ജോസഫ്, ബിജുകുമാര്‍, വിദ്യാധിരാജ, സന്തോഷ് കെ.വര്‍ഗീസ്, ഷാജഹാന്‍, നൗഷാദ്ഖാന്‍, അനുരൂപ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.