കൊച്ചി: ഇലഞ്ഞിയ്ക്കടുത്ത് വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ടടിച്ച കേസില്‍ മുഖ്യ കണ്ണി പോലീസ് പിടിയില്‍. കള്ളനോട്ടടിക്ക് സാമ്പത്തിക സഹായം നല്‍കിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയെ (48) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടി സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇവര്‍. ചെന്നൈയില്‍ വര്‍ഷങ്ങളായി ലക്ഷ്മിയുടെ സംഘം നോട്ടിടപാട് നടത്തുന്നുണ്ട്.

കേരളത്തില്‍ വിവിധ സംഘങ്ങള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയിട്ടുമുണ്ട്. കുമളിയില്‍ നിന്നാണ് ലക്ഷ്മി പിടിയിലായത്.

ഇലഞ്ഞിയിലെ സംഘത്തിന് പലവിധ സഹായങ്ങള്‍ ലക്ഷ്മി ചെയ്തുകൊടുത്തിരുന്നു. ഇലഞ്ഞിയില്‍ അടിക്കുന്ന നോട്ടുകള്‍ തമിഴ്നാട്ടിലേക്ക് എത്തിക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. കള്ളനോട്ടടിക്കാന്‍ പേപ്പറും പ്രിന്ററും എത്തിച്ചുകൊടുത്തതും ലക്ഷ്മിയാണ്.

ലക്ഷ്മിയില്‍ നിന്ന് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകും.

ഇലഞ്ഞിയില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ ജൂലായ് 27-നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. 500-ന്റെ 7.5 ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളനോട്ടടി സംഘം 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടടിച്ച് ഇവ ഏജന്‍സികള്‍ വഴി കൈമാറുകയായിരുന്നു.