മംഗളൂരു: പരാരിയില്‍ ടൈല്‍ ഫാക്ടറിക്കടുത്ത ഓവുചാലില്‍ എട്ടുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് മംഗളൂരു റൂറല്‍ പോലീസ് അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ ചോദ്യംചെയ്തതായി സിറ്റി പോലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൈല്‍ഫാക്ടറിയില്‍ ജോലിചെയ്യുന്ന മറുനാടന്‍ തൊഴിലാളികളുടെ മകളാണ് മരിച്ചതെന്നാണ് സൂചന. ഫാക്ടറിയില്‍ 30 തൊഴിലാളികളുണ്ട്. സംഭവദിവസം 19 പേരാണ് ജോലിക്കെത്തിയത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച വൈകുന്നേരം കുട്ടി ഫാക്ടറി പരിസരത്ത് കളിച്ചിരുന്നതായി പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു. മകളെ പീഡിപ്പിച്ചുകൊന്നതാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്.