അഞ്ചാലുംമൂട് : അയല്‍വീട്ടില്‍ കളിക്കാന്പോയതിന് എട്ടുവയസ്സുകാരിയെ അച്ഛന് പൊള്ളലേല്‍പ്പിച്ചു. പനയത്താണ് സംഭവം. രണ്ടുകാലിലും പൊള്ളലേറ്റ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ഐ.സി.ഡി.എസ്.അധികൃതര്‍ തൃക്കടവൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി.
അഞ്ചുദിവസംമുന്പാണ് കുട്ടിക്ക് പൊള്ളലേറ്റത്. ചൊവ്വാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കിട്ടിയ പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, കൗണ്‍സിലര്‍, അങ്കണവാടി ടീച്ചര്‍ എന്നിവരടങ്ങിയ സംഘത്തെ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കുട്ടിയുടെ വീട്ടിലേക്ക് അയച്ചു. അവര്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ രണ്ടുകാലിലും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. ചികിത്സ നല്‍കിയിരുന്നില്ല. മുറിവ് പഴുത്ത് കുട്ടിക്ക് നടക്കാന്‍പറ്റാത്ത സ്ഥിതിയിലായിരുന്നു. തുടര്‍ന്ന് അഞ്ചാലുംമൂട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറെയുംകൂട്ടി കുട്ടിയെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചു.
കുട്ടിയുടെ മുട്ടിനുതാഴെ സാരമായ പൊള്ളലുണ്ട്. തവികൊണ്ടാണ് പൊള്ളലേല്പ്പിച്ചതെന്നു കരുതുന്നു. എന്നാല്‍ പോലീസ് കേസെടുത്തിട്ടില്ല. പരാതിക്കാരില്ലാത്തതിനാല്‍ വിശദമായ അന്വേഷണത്തിനുശേഷമേ കേസെടുക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് അഞ്ചാലുംമൂട് പോലീസ്. തുടര്‍ന്ന് ഐ.സി.ഡി.എസ്. അധികൃതര്‍ കുട്ടിയുടെ മൊഴിയുടെ വീഡിയോ പോലീസിന് അയച്ചുകൊടുത്തു. അടുത്തവീട്ടില്‍ കളിക്കാന്‍ പോയതിനാണ് അച്ഛന് പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടി അതില്‍ പറയുന്നുണ്ട്.