മുംബൈ: അമ്മയുടെ രഹസ്യബന്ധം അച്ഛനോട് പറഞ്ഞതിന് എട്ടുവയസ്സുകാരനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി. താനെയ്ക്ക് സമീപം ഭിവാണ്ടിയില്‍ താമസിക്കുന്ന ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ജിതേന്ദ്ര മദ്ദേശിയ(21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

വ്യാഴാഴ്ചയാണ് എട്ടുവയസ്സുകാരനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ കുടുംബം താമസിക്കുന്ന അതേ കെട്ടിടത്തിലെ അടച്ചിട്ട മറ്റൊരു ഫ്‌ളാറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ പോലീസ് സംഘം സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇതോടെയാണ് ജിതേന്ദ്രയിലേക്ക് അന്വേഷണമെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട കുട്ടിയുടെ ഫ്‌ളാറ്റില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളാണ് ജിതേന്ദ്രയെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയും ജിതേന്ദ്രയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇതേക്കുറിച്ച് എട്ടുവയസ്സുകാരന്‍ അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് ജിതേന്ദ്രയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: eight year old boy killed by mother's lover in thane