തിരുപ്പൂര്‍: വ്യാജ ആധാര്‍കാര്‍ഡുമായി എട്ട് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. തിരുപ്പൂര്‍ കാങ്കയം റോഡില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് എട്ടുപേരെയും വലയിലാക്കാന്‍ പോലീസിന് കഴിഞ്ഞത്.

തിരുപ്പൂര്‍ സെവന്തപാളയത്തില്‍ താമസിക്കുന്ന അല്‍മിന്‍ (24), അസ്രഫുള്‍ ഇസ്ലാം (31), ഭര്‍ഗത് ഹുസൈന്‍ (18), ബോലസ് സോര്‍ക്കര്‍ (28), മുഹമ്മദ് റോണി (30), മുഹമ്മദ് ബാബുല്‍ ഹുസൈന്‍ (31), മോമിന്‍വാര്‍ ഹുസൈന്‍ (32), റോബിന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശി ഇബ്രാഹിം എന്നയാളില്‍നിന്നാണ് ബംഗ്ലാദേശ് സ്വദേശികളെക്കുറിച്ച് വിവരം ലഭിച്ചത്.

പോലീസ് പിടിയിലായ ഇവരില്‍നിന്ന് വ്യാജ ആധാര്‍കാര്‍ഡുകളും ഒമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു. ഏഴുവര്‍ഷത്തോളമായി തിരുപ്പൂരില്‍ പലചരക്കുകട നടത്തുന്നയാളാണ് പിടിയിലായ മുഹമ്മദ് ബാബുല്‍ ഹുസൈന്‍. ഇയാള്‍ 6,000 രൂപവീതം വാങ്ങിയാണ് മറ്റുള്ളവരെ തിരുപ്പൂരിലെത്തിച്ച് ബനിയന്‍ നിര്‍മാണക്കമ്പനിയില്‍ ജോലി ശരിയാക്കിയത്. ഇവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കിയ തിരുപ്പൂര്‍ അവിനാശി രംഗ നഗറില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി ആഷിഷ് വര്‍മ ഇതിനകം ഒളിവില്‍ പോയി. ഇയാളെ പിടികൂടാനായി പോലീസ് നടപടി തുടങ്ങി.