ആലുവ: വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍. പാലക്കാട് മുതലമട അംബേദ്കര്‍ കോളനി മംഗലത്ത്കാട് വീട്ടില്‍ മാഹിന്‍ (പളുങ്ക് മാഹിന്‍ 39) പാലക്കാട് മുതലമട ഗാഡപുരം പുത്തൂര്‍ വീട്ടില്‍ ഇജാസ് (26) എന്നിവരെയാണ് എടത്തല പോലീസ് പാലക്കാട് കൊല്ലംകോട് നിന്ന് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ട് വാഹനങ്ങള്‍ ഇവര്‍ മോഷണം നടത്തിയിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ രവി മാണിക്യന്‍ എന്ന തമിഴ്‌നാട് സ്വദേശിയെ ദിവസങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 

പളുങ്ക് മാഹിന്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസ്സുകളില്‍ പ്രതിയാണ്. ഇജാസിന്റേ പേരില്‍ കൊല്ലംകോട് സ്റ്റേഷനിലും കേസുണ്ട്. ആലുവ ഭാഗത്ത് നിന്ന് വാഹനങ്ങള്‍ കാണാതായത് സംബന്ധിച്ച് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രുപവത്കരിച്ച് അന്വേഷണം ഈര്‍ജ്ജിതമാക്കിവരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വാഹനം മോഷ്ടിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ചാണ് രൂപമാറ്റം വരുത്തുന്നത്.ഇവര്‍ കൂടുതല്‍ വാഹനങ്ങള്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേക്ഷണം നടത്തി വരികയാണെന്ന് എസ്.പി കാര്‍ത്തിക് പറഞ്ഞു. 

അന്വേഷണ സംഘത്തില്‍ ആലുവ ഡിവൈ.എസ്.പി. ടി.എസ്.സിനോജ്, എടത്തല പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ കെ.സിനോദ്, എ.എസ്.ഐ മാരായ പി.എ.അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ജലീല്‍, എസ്.സി.പി.ഒ മാരായ അബൂബക്കര്‍ സിദ്ധിഖ്, പി.എസ് ഷിജ., സി.പി.ഒ മാരായ ഷെമീര്‍, ടി.ജയശങ്കര്‍, കെ.എസ്.മുഹമ്മദ് റഫീക്ക് എന്നിവരും ഉണ്ടായിരുന്നു. 

Content Highlights: edathala police arrested two from palakkad in vehicle theft case