എടപ്പാള്‍: ഇര്‍ഷാദ് കൊലപാതകമന്വേഷിക്കുന്ന പോലീസ് സംഘത്തിന് മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികള്‍.
ദൃക്സാക്ഷികളൊന്നുമില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും മാത്രംവെച്ച് വേണം കേസ് തെളിയിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാനെന്നതും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നിര്‍ണായത്തെളിവായ ഇര്‍ഷാദിന്റെ ഫോണും കണ്ടെടുക്കുന്നതുമാണ് വലിയ വെല്ലുവിളിയാവുക.
ഇര്‍ഷാദിനെ കൊലപ്പെടുത്തിയശേഷം ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളിലും ഇര്‍ഷാദിന്റെ ഫോണ്‍ ദൃശ്യം സിനിമയിലേതുപോലെ സിം കാര്‍ഡും ഫോണും വേറെ വേറെയാക്കി കടലിലും പുഴയിലുമെറിഞ്ഞൂവെന്നുമാണ് പോലീസിന് പ്രതികള്‍ നല്‍കിയ മൊഴികള്‍. കടലിലും പുഴയിലുമെറിഞ്ഞ ഇത്തരം സാധനങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ല.
പ്രതികളുമായി ഈ സ്ഥലങ്ങളില്‍ പോലീസ് അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിന് പോകുമെന്നാണ് ഡിവൈ.എസ്.പി. പറയുന്നത്.
എന്നാല്‍ ഇവ കണ്ടെത്താനാകുമെന്നതില്‍ ഉറപ്പില്ല. ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ടടിച്ചാണ് ഇര്‍ഷാദിനെ ബോധം കെടുത്തിയതെന്നും പിന്നീട് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നെന്നുമാണ് മൊഴി. ഈ സാധനങ്ങള്‍ കണ്ടെത്തുന്നതും പ്രധാനമാണ്.
സംഭവത്തിന് സാക്ഷികളില്ലാത്തതിനാല്‍ ഇര്‍ഷാദിനെ കാറില്‍ കൊണ്ടുപോകുന്നതും കൊലനടന്ന വട്ടംകുളത്തെ ലോഡ്ജിലേക്ക് കയറ്റുന്നതും കണ്ടവരടക്കമുള്ളവരെ പോലീസ് കണ്ടെത്തി സാഹചര്യത്തെളിവുകളുണ്ടാക്കേണ്ടി വരും.
ഇത്തരം വെല്ലുവിളികള്‍ക്കൊപ്പം കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയെന്ന വെല്ലുവിളിയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.
കിണര്‍ നേരത്തേ കണ്ടുവെച്ചു
പൂക്കരത്തറയില്‍ പല ആവശ്യങ്ങള്‍ക്കും വന്നു പോയിട്ടുള്ള ഒന്നാംപ്രതി സുഭാഷ് കിണറിനടുത്തുള്ള ചായക്കടയില്‍നിന്ന് ചായകുടിച്ച് സിഗരറ്റ് വലിക്കാനായി പോയി നില്‍ക്കുമ്പോഴെല്ലാം ഈ കിണര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നേരത്തേ ഇവിടെ കുറച്ചുകാലം വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലപ്പെട്ട ഇര്‍ഷാദിനും ഈ കിണറിനെക്കുറിച്ചറിയാമായിരുന്നു.
പഞ്ചലോഹവിഗ്രഹം കിട്ടിയാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തത്കാലം ഒളിപ്പിക്കാന്‍ പറ്റിയ ഇടമായി ഇര്‍ഷാദും പ്രതികളും ഈ കിണറിനെ കണക്കാക്കിയിരുന്നതായും പ്രതികളുടെ മൊഴിയുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും
എടപ്പാള്‍: മൃതദേഹാവശിഷ്ടം കിട്ടിയതോടെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും പ്രതികളുപേക്ഷിച്ച ഫോണടക്കമുള്ള തെളിവുകളും ശേഖരിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുള്ള റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍വാങ്ങാന്‍ തിങ്കളാഴ്ചതന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണസംഘം മേധാവി ഡിവൈ.എസ്.പി. സുരേഷ് ബാബു പറഞ്ഞു. മരിച്ച ഇര്‍ഷാദിന്റെ മൃതദേഹം തന്നെയാണിതെന്ന് സ്ഥിരീകരിക്കാനാവശ്യമായ ആന്തരികാവയവ പരിശോധനയും ആവശ്യമെങ്കില്‍ ഡി.എന്‍.എ. പരിശോധനയുമടക്കം എല്ലാ പരിശോധനകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: edappal irshad murder case