ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരും ഉന്നതോദ്യോഗസ്ഥരുമായുള്ള മലയാളി വ്യവസായി സി.സി. തമ്പിയുടെ ഇടപാടുകള്‍ ഏറെക്കാലമായി ഇ.ഡി. അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. തമ്പിയുടെ അറസ്റ്റോടെ റോബര്‍ട്ട് വദ്രയുടെ വിദേശ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. 

വദ്രയുമായി ബന്ധമുള്ളവരുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങാന്‍ ചില വിദേശരാജ്യങ്ങളില്‍നിന്ന് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ അനുമാനം. വദ്രയുടെയും തമ്പിയുടെയും മൊഴികളിലെ വൈരുധ്യമാണ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങിയത്. തമ്പിയെ കണ്ടത് വിമാനയാത്രയിലാണെന്നാണ് വദ്ര മൊഴി നല്‍കിയത്. എന്നാല്‍, സോണിയാഗാന്ധിയുടെ പഴ്സണല്‍ അസിസ്റ്റന്റ് മുഖേനയാണ് വദ്രയെ പരിചയപ്പെട്ടതെന്നായിരുന്നു തമ്പിയുടെ മൊഴി.

ലണ്ടനിലെ '12 ബ്രൈന്‍സ്റ്റണ്‍ സ്‌ക്വയര്‍' വീട് സംബന്ധിച്ചും ഇ.ഡി. ഇരുവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. താന്‍ അവിടെ താമസിച്ചിട്ടില്ലെന്ന് വദ്ര പറഞ്ഞിരുന്നു. എന്നാല്‍ വദ്ര അവിടെ താമസിച്ചതിന്റെ വിശദാംശങ്ങള്‍ തമ്പി എന്‍ഫോഴ്സ്മെന്റിനു നല്‍കി. തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെക്കുറിച്ചും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ അദ്ദേഹം സ്വത്തുക്കള്‍ വാങ്ങിയത് വിദേശ വിനിമയച്ചട്ടം ലംഘിച്ചുകൊണ്ടാണെന്നാണ് ഇ.ഡി. പറയുന്നത്. 2017-ല്‍ തമ്പിക്ക് അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.

മൂന്നു പതിറ്റാണ്ടുമുമ്പ് ഗള്‍ഫ് സ്വപ്നങ്ങളുമായി

ചെറുവത്തൂര്‍ ചാക്കൂട്ടി തമ്പി എന്ന സി.സി. തമ്പി ഗള്‍ഫ് സ്വപ്നവുമായി 1980-ലാണ് കേരളത്തില്‍നിന്ന് യു.എ.ഇ. യിലെത്തിയത്. 1984-ല്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു. ഷിപ്പ് ചാനലിങ് എന്ന സംരംഭത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായിരുന്നു ഈ സംരംഭം. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി സംരംഭങ്ങളിലേക്ക് നീങ്ങി. കേരളീയ ഭക്ഷണങ്ങളുമായി നാലുകെട്ട് എന്ന പേരില്‍ ആദ്യം ദുബായില്‍ ആരംഭിച്ച റസ്റ്റോറന്റ് വൈകാതെ എല്ലാ എമിറേറ്റുകളിലും ശാഖകളുമായി വികസിപ്പിച്ചു. 

തുടര്‍ന്ന് ഹോളിഡേ ഗ്രൂപ്പ് എന്ന പേരില്‍ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി , റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ യു.എ. ഇ.യില്‍ വ്യാപകമായി കെട്ടിപ്പടുത്തു. ആഡംബര റിസോര്‍ട്ടും നക്ഷത്ര ഹോട്ടലും തുറന്നു. റെന്റ് എ കാര്‍, മദ്യവ്യാപാരം, ഇന്റീരിയര്‍ ഡെക്കറേഷന്‍, കപ്പലുകള്‍ക്ക് എണ്ണ വിതരണം ചെയ്യുന്ന സ്ഥാപനം തുടങ്ങിയവയും തമ്പിയുടേതായുണ്ട്. 

ഇതിനിടയില്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയനേതാക്കളുമായി തമ്പി സൗഹൃദം സ്ഥാപിച്ചു. എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും സാമ്പത്തികസഹായവും നല്‍കി. വാര്‍ഷിക വരുമാനം 50 കോടി ഡോളറായി ഉയര്‍ന്നു. വിവിധദേശക്കാരായ രണ്ടായിരത്തിലേറെ പേര്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

Content Highlights: ED arrests Robert Vadra’s close aide Thampi in PMLA case linked to property deals