കണ്ണൂര്‍: മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയ യൂട്യൂബര്‍മാരുടെ കാരവാന്‍ 'നെപ്പോളിയന്‍' കോടതിയില്‍ ഹാജരാക്കാന്‍ ടൗണ്‍ പോലീസ് തീരുമാനിച്ചു.

വാഹനത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്നും അത് നിയമപരമായിരുന്നോ എന്നും പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ആര്‍.ടി.ഒ കണ്‍ട്രോള്‍ റൂമില്‍ യൂട്യൂബര്‍മാരായ എബിനും ലിബിനും നടത്തിയ അതിക്രമങ്ങള്‍ക്ക് അടിസ്ഥാനമായത് ഈ വാഹനമായതുകൊണ്ടാണ് ഹാജരാക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

സുല്‍ത്താന്‍ബത്തേരിയിലെ ഒരാളുടെ ഉടമസ്ഥതയിലായിരുന്ന ടെമ്പോ ട്രാവലര്‍ വാഹനം വന്‍തുക തുക ചെലവിട്ട് എറണാകുളത്ത് കൊണ്ടുപോയാണ് കാരവാനാക്കിയത്. രണ്ടുകോടിയെന്നാണ് യൂട്യൂബര്‍മാര്‍ അവരുടെ ചാനലില്‍ അവകാശപ്പെട്ടത്. കാരവാനാക്കാമെന്ന ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാണ് കഴിഞ്ഞ കൊല്ലം നവംബര്‍ 18-ന് ബത്തേരി ആര്‍.ടി.ഒ. ഓഫീസില്‍ രജിസ്റ്റര്‍ചെയ്തത്. പിന്നീട് ഇത് എബിന്റെ പേരിലാക്കി ഇരിട്ടി ആര്‍.ടി.ഒ. ഓഫീസില്‍ ഈവര്‍ഷം മാര്‍ച്ച് രണ്ടിന് രജിസ്റ്റര്‍ചെയ്യുകയായിരുന്നു. ഈ വാഹനത്തിലെ യാത്രയുടെ പേരിലാണ് ഇവരുടെ യൂട്യൂബ് ചാനല്‍ 15 ലക്ഷത്തോളം ആരാധകരെ ആകര്‍ഷിച്ചത്. കോടതി നടപടി പൂര്‍ത്തിയായി വാഹനം തിരികെക്കിട്ടാന്‍ സമയം പിടിച്ചേക്കും.

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത വിലകൂടിയ നാല് ഫോണുകളും ഒരു വെബ്ക്യാമും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ആരാധകരോട് ആര്‍.ടി.ഒ. ഓഫീസിലെത്താന്‍ ആഹ്വാനം ചെയ്യാന്‍ ഈ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

രണ്ടുമാസത്തേക്കോ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ എല്ലാ ബുധനാഴ്ചയും ടൗണ്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥപ്രകാരം എബിനും ലിബിനും ബുധനാഴ്ച ടൗണ്‍ സ്റ്റേഷനില്‍ ഹാജരായി. ഇവരെ ചോദ്യംചെയ്യാന്‍ വീണ്ടും വിളിപ്പിച്ചേക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം, ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

അതേസമയം, പ്രതികളുടെ കിളിയന്തറ വിളമനയിലെ വീടിന്റെ ഭിത്തിയില്‍ ഇരിട്ടി ആര്‍.ടി.ഒ. കാരണം കാണിക്കല്‍ നോട്ടീസ് പതിച്ചു. പ്രതികളുടെ വാഹനത്തില്‍ കണ്ടെത്തിയ ഒന്‍പത് അപാകങ്ങള്‍ക്ക് ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

Content Highlights: e bull jet case napoleon caravan will be produce at court