സീതത്തോട്(പത്തനംതിട്ട): കോവിഡ് സെന്ററില്‍ താത്കാലിക ജോലിക്കാരിയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാവ് പീഡിപ്പിച്ചെന്ന് പരാതി. ആങ്ങമൂഴി കോവിഡ് സെന്ററില്‍ ക്ലീനിങ് ജോലിയുടെ ചുമതലക്കാരനായിരുന്ന സീതത്തോട് മംഗലശേരില്‍ എം.പി.പ്രദീപ് (മനു മംഗലശേരി-34)നെതിരേയാണ് അതേ സെന്ററില്‍ ജോലിചെയ്ത യുവതിയെ പീഡിപ്പിച്ചതിന് പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് കേസെടുത്തതോടെ നേതാവ് ഒളിവില്‍പോയി.

പ്രവര്‍ത്തകര്‍ക്കിടയില്‍ മനു മംഗലശേരി എന്നറിയപ്പെടുന്ന പ്രദീപ് വിവാഹിതനല്ലെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ആറുമാസമായി പീഡിപ്പിച്ചുവരുകയായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആങ്ങമൂഴി കോവിഡ് സെന്ററില്‍ വൊളന്റിയര്‍മാരായി യുവതിയും മനുവും ജോലിചെയ്യുകയായിരുന്നു. കോവിഡ് സെന്ററില്‍ ഉണ്ടായിരുന്ന ഒരു രോഗി പോസിറ്റീവായതിനെ തുടര്‍ന്ന് സെന്ററിലെ ജോലിക്കാരെന്നനിലയില്‍ ഇവര്‍ ഇരുവരും ഇതേ സെന്ററില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. മനുവിനെതിരേ പരാതി ഉയര്‍ന്നതോടെ ഇയാളെ സി.പി.എം ഡി.വൈ.എഫ്.ഐ. നേതൃപദവികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസ് ഒതുക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ്സും, ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്.

പ്രതിഷേധം ശക്തം

സീതത്തോട്: ആങ്ങമൂഴിയിലെ കോവിഡ് സെന്ററില്‍ ഡി.വൈ.എഫ്.ഐ. നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സമരവും പ്രതിഷേധവും ശക്തമാകുന്നു. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച എം.പി. പ്രദീപിനെ (മനു മംഗലശേരിയെ) അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

മാര്‍ച്ച് നടത്തി.സി.പി.എമ്മിലെ ചില ഉന്നതര്‍ ചേര്‍ന്ന് പ്രതിയെ സംരക്ഷിക്കുക യാണെന്നും, മേഖലയിലെ സി.പി.എം. നേതാക്കളുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ മറ്റ് സമാന സംഭവങ്ങളും അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ശരിയായ നിലയില്‍ നടത്താന്‍ തയ്യാറാകാതെ വന്നാല്‍ സമരം ശക്തമാക്കുമെന്നും യൂത്ത്കോണ്‍ഗ്രസ് പറഞ്ഞു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീര്‍ തടത്തിലിന്റെ അധ്യക്ഷതയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോയല്‍ മാത്യു ഉദ്ഘാടനം ചെയ്തു. രതീഷ് കെ. നായര്‍, ജിതിന്‍, സുബൈദ, സുജ എം.എസ്. വിലാസിനി, ജോളി എന്നിവര്‍ പ്രസംഗിച്ചു.

പ്രതിയെ അറസ്റ്റുചെയ്യണം- ബി.ജെ.പി.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ. നേതാവ് മനു മംഗലശേരിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിന്റെ മറവില്‍ പഞ്ചായത്തിലുടനീളം ഡി.വൈ.എഫ്.ഐ. നടത്തിയ ക്രമക്കേടുകളും അന്വേഷണ വിധേയമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. പ്രസിഡന്റ് വേണുഗോപാലപിള്ളയുടെ അധ്യക്ഷതയില്‍ സുനില്‍കുമാര്‍, ഷിബു കോട്ടമണ്‍പാറ, അനില്‍കുമാര്‍ കുന്നം, ഓമനക്കുട്ടന്‍ നായര്‍, പി.വി.ബോസ്, സുഗതന്‍ ആങ്ങമൂഴി എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: dyfi local leader sexually molested woman at covid center in seethathode pathanamthitta