ന്യൂഡല്‍ഹി:  വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വന്‍ സംഘം പിടിയില്‍. ഡല്‍ഹി രോഹിണിയിലെ രണ്ട് കോള്‍ സെന്ററുകളില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന 53 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 46 പേരും യുവതികളാണ്. 

രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അനധികൃത കോള്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് വന്‍ തട്ടിപ്പ് നടന്നിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണവ് തായല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിലൊരു കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത് തപാല്‍ വകുപ്പ് ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരാണെന്നും മറ്റു കമ്പനി പ്രതിനിധികളാണെന്നും പറഞ്ഞാണ് കോള്‍സെന്ററിലെ ജീവനക്കാര്‍ ആളുകളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. 18000 രൂപ വിലയുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ 4500 രൂപയ്ക്ക് ലഭിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത് പ്രത്യേക ലിമിറ്റഡ് ഓഫറാണെന്നും ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനുണ്ടെന്നും പറഞ്ഞിരുന്നു. ഇത് കേള്‍ക്കുന്നതോടെ ഫോണ്‍കോള്‍ ലഭിക്കുന്നവരില്‍ ഏറെപേരും തട്ടിപ്പില്‍ വീഴുകയായിരുന്നു.  എന്നാല്‍ ഫോണിന് ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് നിലവാരമില്ലാത്ത സോപ്പും ബെല്‍റ്റും പഴ്‌സുമെല്ലാം അയച്ചാണ് പ്രതികള്‍ പണം തട്ടിയിരുന്നത്. ഇടപാടിന് വിശ്വാസ്യത കൂട്ടാനായി പോസ്റ്റ് ഓഫീസ് വഴിയാണ് ഇവര്‍ പാര്‍സലുകള്‍ അയച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളിലുള്ള നിരവധിപേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. കോള്‍സെന്ററുകളില്‍നിന്ന് ആറ് കമ്പ്യൂട്ടറുകളും ബാര്‍ കോഡ് സ്‌കാനറും 86 മൊബൈല്‍ ഫോണുകളും ചില രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പലയിടത്തേക്ക് അയക്കാനായി സൂക്ഷിച്ചിരുന്ന ഒട്ടേറെ പാര്‍സലുകളും കണ്ടെടുത്തു. 

Content Highlights: duping people by offering two mobile phones two fake call centers raided in delhi