കുഴിത്തുറ: ഡമ്മി നോട്ട് കാണിച്ച് പലരിൽനിന്നും ലക്ഷങ്ങൾ കബളിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി ഷിബു(38)ആണ് പോലീസ് പിടിയിലായത്.

ഇയാളിൽ നിന്ന് 75,75,000 രൂപയുടെ ഡമ്മി നോട്ട് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ 26നാണ് 52 ലക്ഷത്തിന്റെ ഡമ്മി നോട്ടുമായി പളുകൽ കോടവിളാകത്ത് താമസിക്കുന്ന സിന്ധു(37) അരുമന പോലീസിന്റെ പിടിയിലായത്. സിന്ധുവിന്റെ ഭർത്താവാണ് ഷിബു.

വെള്ളാങ്കോട്ടിലെ ഒരു കശുവണ്ടി ഫാക്ടറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകൾ. വ്യാജനോട്ട് എന്ന ധാരണയിൽ പോലീസ് കശുവണ്ടി ഫാക്ടറി ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് സിന്ധു പോലീസിന്റെ പിടിയിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പിടിച്ചെടുത്തത് ഡമ്മി നോട്ടുകളാണെന്ന് കണ്ടെത്തിയത്.

പണമിടപാടുമായി ബന്ധപ്പെട്ട് സിന്ധു പലരെയും കബളിപ്പിച്ചിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.

പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഷിബു പോലീസിന്റെ പിടിയിലായത്. പനച്ചമൂട്ടിൽ വെച്ച് ഷിബു പിടിയിലായതായും, ചോദ്യംചെയ്യലിൽ വീട്ടിൽ ഒളിപ്പിച്ച പണം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.