ചെങ്ങമനാട്: പെരിയാറിൽ പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്ത് കണ്ടത് മൃതദേഹമാണെന്ന് കരുതി കരയ്ക്കടുപ്പിക്കാൻ ചെന്നവർ കണ്ടത് വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് പുറന്തള്ളിയ ഡമ്മി.

വെള്ളിയാഴ്ച പുലർച്ചെയാണ് പുഴയിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ ഇല്ലിപ്പടർപ്പിൽ മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞത്. തുടർന്ന് പോലീസും നാട്ടുകാരും കടവിലെത്തി. മുങ്ങൽ വിദഗ്ദ്ധനായ അടുവാശ്ശേരി സ്വദേശി സെയ് ‌ദ്മുഹമ്മദ്, മകൻ സമീൽ, സന്നദ്ധ പ്രവർത്തകനായ ആദം ഷിജു, അസീസ് കണ്ടകത്ത് എന്നിവർ മൃതദേഹം കണ്ടെടുക്കാൻ വഞ്ചിയിൽ പുഴയിലേക്ക് പോയി. പടർന്നു പന്തലിച്ച ഇല്ലിപ്പടർപ്പിനടിയിൽ ഒഴുക്കിൽപ്പെട്ട് തങ്ങി നിൽക്കുന്ന 'മൃതദേഹം' കരയ്ക്കടുപ്പിക്കാൻ ഇവർ മൂന്ന് മണിക്കൂറോളം ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ സെയ്ത്മുഹമ്മദ് ഇല്ലിക്കാടിന്റെ അടിയിൽ മുങ്ങിയെത്തി നോക്കിയപ്പോഴാണ് 'മൃതദേഹ'ത്തിനു തലഭാഗം ഇല്ലെന്നു മനസ്സിലായത്. അത് വസ്ത്രവ്യാപാര കടകളിൽ വയ്ക്കുന്ന ഡമ്മിയാണെന്നും വ്യക്തമായി.

പഞ്ഞി കൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തിൽ കുതിർന്നു പോയതാണെന്ന് കരുതുന്നു. ശക്തമായ അടിയൊഴുക്കു കാരണം ഡമ്മി എടുക്കാൻ കഴിഞ്ഞില്ല. മൃതദേഹമാണെന്നു കരുതി തിരച്ചിൽ നടത്തുന്നതിനിടെ ആലങ്ങാട് പോലീസും ഫൈബർ ബോട്ടിൽ സ്ഥലത്തെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കാൻ പെരിയാറിൽ ഇറങ്ങേണ്ടി വന്നാൽ രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള പി.പി.ഇ. കിറ്റുമായാണ് ചെങ്ങമനാട് പോലീസ് കമ്പനിക്കടവിൽ നിലയുറപ്പിച്ചിരുന്നത്.

Content Highlights:dummy body found in periyar river