ബെംഗളൂരു: മയക്കുമരുന്നും കഞ്ചാവുമുൾപ്പെടെ 35 ലക്ഷംരൂപ വിലവരുന്ന ലഹരിമരുന്നുമായി രണ്ടു മലയാളികളടക്കം ആറുപേരെ ബെംഗളൂരു പോലീസ് പിടികൂടി.

മലയാളികളായ പി.ബി. ആദിത്യൻ (29), സി.എസ്. അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോൾ (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.

വിലകൂടിയ മയക്കുമരുന്നായ എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. പേപ്പറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഡാർക്ക് നെറ്റിലൂടെ ബിറ്റ് കോയിൻ ഇടപാടുവഴിയാണ് മയക്കുമരുന്നെത്തിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള രാവിലെ ആറുമുതൽ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാനായിരുന്നു സംഘം ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

Content Highlights:drugs seized in bengaluru six arrested