ബെംഗളൂരു: വിദേശത്തുനിന്ന് ഡാർക്ക്വെബ് വഴി ലഹരിമരുന്ന് എത്തിച്ച സംഘത്തിലെ രണ്ടു മലയാളികളുൾപ്പെടെ പത്തുപേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു.

തിരുവനന്തപുരം സ്വദേശി ഫീനിക്സ് ഡിസൂസ (24), ചങ്ങനാശ്ശേരി സ്വദേശി അമൽ ബൈജു (20), ബെംഗളൂരു എച്ച്.ബി.ആർ. ലേഔട്ട് സ്വദേശി മുഹമ്മദ് തുസാരി (25), അൾസൂർ സ്വദേശി റുമാൻ ഹംസമിന (25), ജെ.പി. നഗർ സ്വദേശി കാർത്തിക് ഗൗഡ (24), വിജയനഗർ സ്വദേശി നിതിൻ (24), എച്ച്.എസ്.ആർ. ലേ ഔട്ട് സ്വദേശി സാർഥക് ആര്യ (31), മാറത്തഹള്ളി സ്വദേശി ജൂൺ, ഇന്ദിരാനഗർ സ്വദേശി പാലഗുഡ വെങ്കട വരുൺ (33), നൈജീരിയൻ സ്വദേശി സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് സംഘം പിടിയിലായത്.

ഇവരിൽനിന്ന് 90 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

പ്രതികളിൽനിന്ന് 660 എൽ.എസ്.ഡി. സ്ട്രിപ്സ്, 560 എം.ഡി.എം.എ. ഗുളികകൾ, 12 ഗ്രാം എം.ഡി.എം.എ. ക്രിസ്റ്റൽ, 10 ഗ്രാം കൊക്കെയ്ൻ, 12 മൊബൈൽ ഫോണുകൾ, മൂന്ന് ലാപ്ടോപ്പ് കംപ്യൂട്ടർ, രണ്ട് ബൈക്കുകൾ എന്നിവ പിടിച്ചെടുത്തു.

ഡാർക്ക്വെബ് വഴി ബെംഗളൂരുവിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തുന്നതായി ഒരുമാസംമുമ്പ് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സി.സി.ബി. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറി അന്വേഷണം നടത്തുകയായിരുന്നു. പാഴ്സലായി ഇന്ത്യയിലേക്കുവരുന്ന സമ്മാനപ്പെട്ടികളിലാണ് ലഹരിമരുന്ന് കടത്തിയിരുന്നത്.നഗരത്തിലെ കോളേജ് വിദ്യാർഥികൾക്കാണ് ലഹരിമരുന്ന് വിറ്റിരുന്നതെന്ന് പ്രതികൾ പറഞ്ഞു.

Content Highlights:drugs seized in bengaluru and 10 arrested