ബെംഗളൂരു: ബെംഗളൂരുവിലെ പാര്‍പ്പിടസമുച്ചയത്തില്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) നടത്തിയ പരിശോധനയില്‍ ആറുകോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. നാലുപേര്‍ അറസ്റ്റിലായി. അസം സ്വദേശി നബരന്‍ ചക്മ, സഹായികളായ മൊബിന്‍ ബാബു, റോളണ്ട് റൊഡ്‌നെ റോസര്‍, തരുണ്‍ കുമാര്‍ ലാല്‍ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. 15 കിലോ ഹഷിഷ് ഓയില്‍, പത്തു കിലോ കഞ്ചാവ്, കൊക്കെയ്ന്‍, എല്‍.എസ്.ഡി. സ്ട്രിപ്പുകള്‍, 350 ഗ്രാം ചരസ് ബോളുകള്‍, നാല് കഞ്ചാവ് തൈകള്‍ എന്നിവ പിടിച്ചെടുത്തു. സി.സി.ബി.യുടെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്രയുംവലിയ തുകയുടെ ലഹരിമരുന്ന് പിടികൂടുന്നതെന്ന് സി.സി.ബി. ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

നഗരത്തിലെ ഐ.ടി. ജീവനക്കാര്‍, കോളേജ് വിദ്യാര്‍ഥികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്കാണ് സംഘം ലഹരിമരുന്നെത്തിച്ചിരുന്നത്. മൂന്നുവര്‍ഷമായി നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ സ്ഥലത്തില്ലെങ്കിലും കഞ്ചാവ് ചെടികള്‍ക്ക് വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് പറഞ്ഞു. മുഖ്യപ്രതിയായ അസം സ്വദേശി നബരന്‍ ചക്മ ലഹരിമരുന്ന് ഇടപാടുകള്‍ക്കായാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്. ഹെന്നൂര്‍, ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ചെയ്തു.