വേങ്ങര: വേങ്ങര പോലീസ് തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഡി.ജെ. പാർട്ടികളിലും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്ന് പിടികൂടി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വേങ്ങര അരീങ്കുളം കല്ലൻ ഇർഷാദ് (31), കിളിനക്കോട് തച്ചരുപടിക്കൽ മുഹമ്മദ് ഉബൈസ് (29), മൂന്നിയൂർ ആലിൻചോട് അബ്ദുസലാം (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അന്താരാഷ്ട്രവിപണിയിൽ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനു(എം.ഡി.എം.എ.)മായാണ് ഇവർ പോലീസിന്റെ പിടിയിലായത്. മാരകശേഷിയുള്ള 33 ഗ്രാം മയക്കുമരുന്നാണ് ഇവരിൽനിന്നു കണ്ടെടുത്തത്.

ജില്ലയിലേക്ക് ചില കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ, എൽ.എസ്.ഡി. തുടങ്ങിയ മയക്കുമരുന്നുകൾ ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് എത്തുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, വേങ്ങര സി.ഐ ആദംഖാൻ എന്നിവരുടെ നേതൃത്വത്തിൽ കൊറിയർ സ്ഥാപനങ്ങൾവഴി വന്ന പാർസലുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽനിന്നു ലഭിച്ചവിവരങ്ങളാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.തുടർന്നുനടത്തിയ പരിശോധനയിലാണ് ആഡംബര കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റൽരൂപത്തിലുള്ള മയക്കുമരുന്നായ എം.ഡി.എം.എയുമായി കല്ലൻ ഇർഷാദ്, മുഹമ്മദ് ഉബൈസ്, അബ്ദുസലാം എന്നിവരെ വേങ്ങര പറമ്പിൽപ്പടിയിൽ അമ്മാഞ്ചേരി കാവിനടുത്തുവെച്ച് പിടികൂടിയത്.

മുമ്പ് മൂന്നുതവണ ഇത്തരത്തിൽ ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നുള്ള ഏജന്റുമാർ മുഖേന ജില്ലയിലേക്ക് മയക്കുമരുന്നെത്തിച്ചതായി പ്രതികൾ സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നേതൃത്വത്തിൽ വേങ്ങര സി.ഐ ആദംഖാൻ, എസ്.ഐ. ബാലചന്ദ്രൻ, ജില്ലാ ആന്റി നർക്കോട്ടിക് സംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, വേങ്ങര സ്റ്റേഷനിലെ സി.പി.ഒമാരായ ഷിജു, പ്രദീപ്, അഗസ്റ്റിൻ, മുജീബ് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

പത്ത് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

പെരിന്തൽമണ്ണ: ബൈക്കിൽ വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 10.450 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദാലി(37), കലകപ്പാറ മുഹമ്മദ് ഷബീർ(28), തീയ്യത്താളൻ അക്ബറലി(31) എന്നിവരെയാണ് പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽനിന്നും എസ്.ഐ. ബി. പ്രമോദും സംഘവും അറസ്റ്റുചെയ്തത്.

അയൽസംസ്ഥാനങ്ങളിൽനിന്നും ലോറികളിൽ കഞ്ചാവ് കൊണ്ടുവന്ന് മണ്ണാർക്കാട്, അട്ടപ്പാടി ഭാഗങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് വിതരണം ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും കിലോഗ്രാമിന് 1500-2000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് പ്രത്യേക ഏജന്റുമാർ മുഖേന ലോറികളിൽ ഒളിപ്പിച്ചാണ് എത്തിച്ചിരുന്നത്.

ആവശ്യക്കാർക്ക് കാരിയർമാർ വഴി 15000-20000 രൂപവരെ കിലോഗ്രാമിന് വിലയിട്ട് പറയുന്നിടത്ത് എത്തിച്ചുകൊടുക്കും. ഇത്തരത്തിൽ വിൽപ്പനക്കെത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും നിരീക്ഷിച്ചുവരികയാണെന്നും ഡിവൈ.എസ്.പി. കെ.എം. ദേവസ്യ അറിയിച്ചു.

പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ സച്ചിദാനന്ദന്റെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.