പഴയങ്ങാടി(കണ്ണൂര്‍): ബി.വി. റോഡിന് സമീപത്തെ എസ്.പി. ജംഷീദിന്റെ വീട്ടില്‍നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചു. അതിമാരക മയക്കുമരുന്നുകളായ മെത്തിലിന്‍ ഡയോക്‌സിമെത്താഫിറ്റാമിന്‍ (എം.ഡി.എം.എ.) 45.39 ഗ്രാമും 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്, 10.55 ഗ്രാം കൊക്കെയിനെന്ന് സംശയിക്കുന്ന മയക്കുമരുന്ന് എന്നിവയുമാണ് പിടിച്ചത്.

ശനിയാഴ്ച രാത്രി കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുജിത്ത്, തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പിടിച്ചത്. എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട ജംഷീദിനെ പിടികൂടാനായിട്ടില്ല.

പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തെയും വാഹനത്തെയും കാറുപയോഗിച്ച് തട്ടിത്തെറിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്നതും കൈവശംവെച്ചാല്‍ 10 മുതല്‍ 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളില്‍ മൊത്തമായി മയക്കുമരുന്ന് വില്പന നടത്തുന്നയാളാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ബെംഗളൂരു, മംഗളൂരൂ എന്നിവങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ചെറുകിട വില്‍പ്പനക്കാര്‍ വഴി ഇടപാടുകാര്‍ക്ക് എത്തിക്കുകയാണിയാള്‍ ചെയ്യുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി.സി. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എച്ച്. റിഷാദ്, ഗണേഷ് ബാബു, ശ്യാംരാജ്, ഒ. ഷൈന എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. ക്രിസ്മസ്, പുതുവത്സരം എന്നിവയോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അന്‍സാരി ബീഗു, അസി. എക്‌സൈസ് കമ്മിഷണര്‍ കെ.എസ്. ഷാജി എന്നിവര്‍ പറഞ്ഞു.

Content Highlights: drugs seized from pazhayangadi kannur