പുതുവത്സര ദിനത്തിൽ ഇടുക്കിയിലും കണ്ണൂരിലും വൻ ലഹരിമരുന്ന് വേട്ട. ഇടുക്കി മറയൂരിൽ അതിമാരക ലഹരിമരുന്നുകളുമായി രണ്ട് എൻജിനീയറിങ് ബിരുദധാരികൾ പിടിയിലായി. പന്നിയാർക്കുട്ടിയിൽ കഞ്ചാവുമായി നാല് പേരെ പിടികൂടി. കണ്ണൂരിൽ ബക്കളത്ത് ലഹരിമരുന്ന് വിൽപനയ്ക്കായി ഹോട്ടലിൽ തമ്പടിച്ച ഏഴംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരിക്കൂറിലും ഒരാൾ ലഹരിമരുന്നുമായി പിടിയിലായി.

മറയൂരിൽ പിടിയിലായത് എൻജിനീയറിങ് ബിരുദധാരികൾ

മറയൂർ: പുതുവത്സരാഘോഷത്തിനായി കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി രണ്ട് എൻജിനീയറിങ് ബിരുദധാരികൾ മറയൂരിൽവെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായി.

കൊട്ടാരക്കര പനവേലിക്കര വെട്ടിക്കവല ജിനുഭവനിൽ ജിനു സജി (24), ചാവക്കാട് കോതകുളങ്ങര കോണിക്കപറമ്പിൽ അഖിൽ കെ.ടി. (25) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രപരിസരത്ത് എക്സൈസ് പരിശോധനയ്ക്കിടെയാണ് സംഭവം.

ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.

വീര്യംകൂടിയ 577 മില്ലിഗ്രാം എൽ.എസ്.ഡി. സ്റ്റാംപ്, 2. 247 ഗ്രാം എം.ഡി.എം.എ. എന്നിവ കണ്ടെടുത്തു. ബെംഗളൂരുവിൽനിന്നാണ് ഇവർ ലഹരിപദാർഥങ്ങൾ വാങ്ങിയത്. ഒരു സ്റ്റാംപിന് 1500 രൂപ മുതൽ 2000 രൂപയ്ക്കാണ് ലഭിച്ചത്.

4000 രൂപമുതൽ 5000 രൂപവരെ വിലയ്ക്കാണ് ഇത് വിറ്റിരുന്നതെന്ന് പ്രതികൾ പറഞ്ഞു. എം.ഡി.എം.എ. ഒരുഗ്രാമിന് 10,000 രൂപയ്ക്കാണ് ഇവർ വാങ്ങിയത്. പതിന്മടങ്ങ് വിലയ്ക്കാണ് ഇതും വിറ്റിരുന്നതെന്ന് മറയൂർ എക്സൈസ് ഇൻസ്പെക്ടർ റ്റി.രഞ്ജിത് കുമാർ പറഞ്ഞു.

പ്രിവന്റീവ് ഓഫീസർമാരായ ബിനുമോൻ കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ നെബു എ.സി., റോയിച്ചൻ കെ.പി., ഉണ്ണികൃഷ്ണൻ കെ.പി., അനീഷ് എസ്.എസ്., പ്രിബിൻ എഫ്., ദിനേശ് കുമാർ പി. എന്നിവർകൂടി ചേർന്നാണ് പ്രതികളെ പിടിച്ചത്.

പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.

പത്തരക്കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

രാജാക്കാട് (ഇടുക്കി): പന്നിയാർകുട്ടിക്ക് സമീപം ലോറിയിൽനിന്ന് കാറിലേക്ക് കയറ്റിക്കൊണ്ടിരുന്ന 10.5 കിലോഗ്രാം കഞ്ചാവ് പിടികൂടി.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വെള്ളത്തൂവൽ, രാജാക്കാട് മേഖലകളിൽ ലഹരി ഉത്‌പന്നങ്ങളുടെ കൈമാറ്റം നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എക്സൈസ് സി.ഐ. ഇ.പി.സിബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കാഞ്ചിയാർ തോപ്പിൽ ജയചന്ദ്രൻ (45), പത്തനംതിട്ട ഇലവുംതിട്ട കൊച്ചുമുറി കിഴക്കേതിൽ വർഗീസ് (40), തമിഴ്നാട് തേവാരം സ്വദേശി ജയരാസു (50), കമ്പം സ്വദേശി തമിഴരശ് (46) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽനിന്ന് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്ന സംഘമാണ് പിടിയിലായത്. ലോറിയും കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

പീരുമേട്: രണ്ടുസഞ്ചാരികൾ മയക്കുമരുന്നുമായി പിടിയിലായി. പീരുമേട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി.മനൂപും സംഘവും ഉറുമ്പിക്കര ഭാഗത്തു നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ കൈവശംവെച്ച കേസിൽ എറണാകുളം തളിയശേരിയിൽ വീട്ടിൽ അലൻ ടെറൻസൺ(20), 10 മില്ലിഗ്രാം എം.ഡി.എം.എ. കൈവശംെവച്ച കുറ്റത്തിന് എറണാകുളം താന്നിപ്പള്ളി വീട്ടിൽ തോമസ് (20) എന്നിവരെയാണ് പിടികൂടിയത്.

പരിശോധനയിൽ പി.ഒ. ബെന്നി ജോസഫ്, ബി.ദീപക്, പി.കെ.ബിജുമോൻ, നിധിൻ, എ. കുഞ്ഞുമോൻ, അജേഷ് കുമാർ, ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂരിൽ ബക്കളത്തും ഇരിക്കൂറിലും ലഹരിമരുന്ന് വേട്ട

കണ്ണൂർ: പുതുവർഷദിനത്തിൽ കണ്ണൂർ ജില്ലയിൽ വൻ മയക്കുമരുന്നുവേട്ട. രണ്ട് സംഭവങ്ങളിലായി യുവതിയുൾപ്പെടെ എട്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മെത്തിലിൻ ഡയോക്സി മെത്താംഫിറ്റാമിൻ (എം.ഡി.എം.എ.), എൽ.എസ്.ഡി., ഹഷീഷ് ഓയിൽ തുടങ്ങിയ മാരക മയക്കുമരുന്നുകൾ പിടിച്ചെടുത്തു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് മയക്കുമരുന്നുകളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ബക്കളത്തെ ഹോട്ടലിൽനിന്നാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം യുവതിയുൾപ്പെടെയുള്ള ഏഴംഗസംഘത്തെ അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപത്തെ സമീറലി (28), ഏഴോം നരിക്കോട്ടെ പി.സി.ത്വയിബ് (28), പൂമംഗലം ഹബീബ് നഗറിലെ പി.മുഹമ്മദ് ഹനീഫ (52), കാസർകോട്ടെ മുഹമ്മദ് ഷഫീക്ക് (22), കാസർകോട് പച്ചവളയിലെ എച്ച്.മുഹമ്മദ് ഷിഹാബ് (32), വയനാട് കൂളിവയലിലെ കെ.ഷഹബാസ് (28), പാലക്കാട് ചിറ്റൂരിലെ എം.ഉമ (24) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപ് അറസ്റ്റ് ചെയ്തത്.

53 ഗ്രാം എം.ഡി.എം.എ., 0.1750 ഗ്രാം എൽ.എസ്.ഡി., 5.37 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും രണ്ട് ഇരുചക്രവാഹനങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്നുകൾ തൂക്കി പായ്ക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ.

തൂക്കാനുള്ള ഉപകരണവും പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് നാലുലക്ഷം രൂപയോളം വില വരും. ഒരു ഗ്രാം കൈവശം വെക്കുന്നതിന് 10 വർഷം വരെ കഠിനതടവാണ് ശിക്ഷ.

പല ഹോട്ടലുകളിലായി മാറി മാറി താമസിച്ചാണ് പ്രതികൾ ഇവ വിതരണം ചെയ്തിരുന്നത്. നേരത്തേ കോൾമെട്ടയിലെ ഒരു ഹോട്ടലിൽ തങ്ങിയതായി വിവരമുണ്ട്. പിടിയിലായ ഉമ മാസങ്ങളായി വീട്ടിൽ പോകാറില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. രഹസ്യവിവരത്തെ തുടർന്ന് രാവിലെ ഒൻപതോടെയാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ സമീറലി നേരത്തേയും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. കെ.സുദേവന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിടുവള്ളൂർ പള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരിക്കൂർ സ്വദേശി വയക്കാംകോട് പൈസായി 'ഫാത്തിമ മൻസിലി'ൽ കെ.ആർ.സാജിദ് (34) അറസ്റ്റിലായത്. ഒൻപത് ഗ്രാം എം.ഡി.എം.എ.യും ബൈക്കും ഇയാളിൽനിന്ന് പിടിച്ചെടുത്തു.

കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അൻസാരി ബീഗുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഒരുമാസമായി ഇരിക്കൂർ ടൗണും പരിസരവും എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഡയനാമോസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് പുലർച്ചെ രണ്ടുവരെ യുവാക്കൾ ലഹരിതേടി എത്തുന്നതായി ഉദ്യോഗസ്ഥർ മനസ്സിലാക്കി. പിടിയിലായ സാജിദ് മുൻപും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി.

ഓഫീസർമാരായ സി.കെ.ബിജു, സജിത്ത് കണ്ണിച്ചി, പി.സി.പ്രഭുനാഥ്, കെ.ഇസ്മയിൽ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പി.ജലീഷ്, എക്സൈസ് ഷാഡോയിലെ കെ.ബിനീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

എം.ഡി.എം.എ.

മോളി, എക്റ്റസി, എം എന്നീ ചെല്ലപ്പേരുകളിലറിയപ്പെടുന്ന ലഹരിമരുന്നാണ് മെത്തിലിൻ ഡയോക്സി മെത്താംഫിറ്റാമിൻ അഥവാ എം.ഡി.എം.എ. പൊടിരൂപത്തിലുള്ള ഈ രാസവസ്തുവിന്റെ തീരെ ചെറിയൊരു പൊതിക്ക് 3000 രൂപവരെ വിലയുണ്ട്.

Content Highlights:drugs seized from idukki and kannur on new year day