ചെന്നൈ: ലോക്ഡൗൺ കാലത്ത് ചെന്നൈയിൽ എത്തുന്നത് ലക്ഷങ്ങളുടെ വിദേശ ലഹരിമരുന്ന് ഗുളികകൾ. കഴിഞ്ഞ മൂന്നര മാസത്തിനിടയിലാണ് ലഹരിമരുന്ന് ഗുളികകളുടെ വരവ് കൂടിയത്. ചെന്നൈ വിമാനത്താവളത്തിന് സമീപമുള്ള വിദേശ തപാൽ ഓഫീസിൽ എത്തിയ പാഴ്സലുകളിൽ നിന്നാണ് 11 തവണകളായി ഗുളികകൾ പിടിച്ചെടുത്തത്. പാർട്ടികളിലും നിശാവിരുന്നുകളിലും ലഹരി പടർത്തുന്ന 'എക്സ്റ്റസി' വിഭാഗത്തിൽപ്പെട്ട ലഹരിമരുന്നുകളാണിവ. ഗുളികകൾ, ക്രിസ്റ്റലുകൾ, പൊടികൾ തുടങ്ങിയ രൂപത്തിലാണ് ഇവ ചെന്നൈയിൽ എത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.

ചെന്നൈയിലെ വിലാസങ്ങളിലെത്തുന്ന പാഴ്സൽ സംശയം തോന്നി പരിശോധിക്കുമ്പോഴാണ് ലഹരിമരുന്ന് ഗുളികകളാണെന്നു മനസ്സിലാവുക. ചില പാഴ്സലുകൾ വിലാസത്തിൽ എത്തിച്ചാൽ ആളില്ലെന്നുപറഞ്ഞ് തിരിച്ചെത്തും. ഈ വർഷം മാർച്ച് 13 മുതൽ ഇതുവരെ ചെന്നൈ കസ്റ്റംസ് പിടിച്ചെടുത്തത് 3000-ത്തോളം ലഹരിഗുളികകളാണ്.

കൂടാതെ ലഹരി വിഭാഗത്തിൽപ്പെട്ട 33 ഗ്രാം എം.ഡി.എം.എ., 25 എൽ.എസ്.ഡി., ഉയർന്ന ഗുണമേൻമയുള്ള 1.7 കിലോ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തതായി ചെന്നൈ വിമാനത്താവള കസ്റ്റംസ് കമ്മിഷണർ രാജൻ ചൗധരി അറിയിച്ചു. 2019-20-ൽ 37.5 ലക്ഷത്തിന്റെ ലഹരിഗുളികകൾ പിടിച്ചെടുത്ത സ്ഥാനത്ത് 2020-21 സാമ്പത്തിക വർഷത്തിൽ ജൂലായ് 19-നുള്ളിൽതന്നെ 48.5 ലക്ഷം രൂപയുടേതാണ് പിടിച്ചെടുത്തത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 400 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും രാജൻ ചൗധരി വ്യക്തമാക്കി.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും നിശാപാർട്ടികളിലും നേരത്തേ ഇത്തരം ലഹരിഗുളികകൾ വ്യാപകമായിരുന്നു. ലോക്ഡൗൺ കാരണം ഇപ്പോൾ ലഭ്യതയില്ല. അതുകാരണം പലരും ഇന്റർനെറ്റ് വഴി രഹസ്യമായി ബുക്ക് ചെയ്ത് വിദേശത്തുനിന്ന് എത്തിക്കുകയാണ്. ലഹരിഗുളിക കടത്തലിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാഴ്സലുകൾ പ്രധാനമായും എത്തുന്നത് നെതർലൻഡ്സിൽ നിന്നാണ്.

ജർമനി, യു.എസ്.എ., യു.കെ എന്നിവിടങ്ങളിൽനിന്നും ഇപ്പോൾ എത്തുന്നുണ്ട്. പിടിച്ചെടുത്ത മരുന്നുകൾ തമിഴ്നാടിന്റെ വിവിധഭാഗങ്ങൾ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ എത്തിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. രണ്ടു രീതികളിലാണ് വിദേശത്തുനിന്ന് ലഹരിഗുളികകൾ ഇന്ത്യയിൽ എത്തുന്നത്. ഇതിൽ ഒന്ന് ഗോവ വഴിയാണ്. രണ്ടാമത്തെ വഴിയാണ് വിദേശ തപാൽ.

രണ്ടാമത്തെ മാർഗമാണ് ചെന്നൈയിൽ വ്യാപകം. വിദേശ തപാൽ ഓഫീസിൽ പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പാഴ്സലുകൾ തുടർച്ചയായി പിടികൂടിയാൽ കള്ളക്കടത്തുകാർ ഈ മാർഗം ഉപേക്ഷിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.

Content Highlights:drugs seized from chennai