ബെംഗളൂരു: ഡാര്‍ക്ക്വെബ്ബിലൂടെ വിദേശത്തുനിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വാങ്ങി വിതരണം ചെയ്തുവന്ന സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ പിടിയില്‍. ജയനഗര്‍ സ്വദേശിയായ ശ്രീകൃഷ്ണ (25) ആണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി.) പിടിയിലായത്. നേരത്തേ അറസ്റ്റിലായ മുന്‍മന്ത്രി രുദ്രപ്പ ലമണിയുടെ മകന്‍ ദര്‍ശന്‍ ലമണിയുടെ സംഘത്തില്‍ പെട്ടയാളാണ് ശ്രീകൃഷ്ണയെന്ന് സി.സി.ബി. പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പാണ് ദര്‍ശന്‍ ലമണിയും ഇയാളുടെ സുഹൃത്തുക്കളായ എട്ടുപേരും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായത്.

ഡാര്‍ക്ക് വെബ്ബിലൂടെ ലഹരിമരുന്നുകള്‍ വാങ്ങാന്‍ ബിറ്റ് കോയിനുകളാണ് ശ്രീകൃഷ്ണ ഉപയോഗിച്ചിരുന്നത്. കമ്പനികളുടെ രഹസ്യവിവരങ്ങള്‍ ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തിയും ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകള്‍ ഹാക്കുചെയ്തുമാണ് ഇയാള്‍ ബിറ്റ് കോയിനുകള്‍ നേടിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീകൃഷ്ണ അതീവ വൈദഗ്ധ്യമുള്ള ഹാക്കറാണെന്നാണ് സി.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒട്ടേറെ സര്‍ക്കാര്‍ വെബ്സൈറ്റുകളും ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.

അതേസമയം ഡാര്‍ക്ക് വെബ് ഉപയോഗിച്ചുള്ള ലഹരി ഇടപാടുകള്‍ നഗരത്തില്‍ വര്‍ധിച്ചുവരുന്നത് പോലീസിന് തലവേദനയാകുകയാണ്. സീരിയല്‍ നടിയായ അനിഘയും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും ഉള്‍പ്പെട്ട ലഹരി സംഘവും ഡാര്‍ക്ക് വെബ്ബ് വഴിയാണ് ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നത്.

ഫോറിന്‍ പോസ്റ്റ് ഓഫീസ് വഴി എത്തിക്കുന്ന വിലയേറിയ ലഹരിമരുന്നുകള്‍ ബിറ്റ് കോയിനുകള്‍ ഉപയോഗിച്ചാണ് വിദേശത്തെ ഇടപാടുകാരില്‍നിന്ന് വാങ്ങുന്നത്. ചുരുങ്ങിയ തുകയ്ക്ക് വാങ്ങുന്ന ലഹരി മരുന്നുകള്‍ വന്‍തുകയ്ക്കാണ് നഗരത്തിലെ ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുന്നത്.

സാധാരണ സെര്‍ച്ച് എന്‍ജിനുകളിലൂടെ കാണാന്‍ കഴിയാത്ത സൈറ്റുകളുടെ കൂട്ടമാണ് ഡാര്‍ക്ക്വെബ്. പ്രത്യേക സെര്‍ച്ച് എന്‍ജിനുകളിലൂടെയാണ് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ കഴിയുക. നഗരത്തിനുള്ളില്‍ തന്നെ ഡാര്‍ക്ക് വെബ്ബ് വഴി ലഹരിവില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് അഡ്രസ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇത്തരം കുറ്റവാളികളെ പിടികൂടുക എളുപ്പമല്ല. കൊറിയര്‍ സ്ഥാപനങ്ങളിലും പോസ്റ്റ് ഓഫീസുകളിലുമെത്തുന്ന മയക്കുമരുന്നുകള്‍ ഉള്‍പ്പെട്ട കവറുകള്‍ പിടികൂടുമ്പോള്‍ മാത്രമാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്.

ഡാര്‍ക്ക്വെബ്ബിലൂടെയുള്ള ഇടപാടുകളായതിനാല്‍ ബിറ്റ്‌കോയിനുകളാണ് മയക്കുമരുന്നു സംഘങ്ങള്‍ ഉപയോഗിക്കുന്നത്. പലപ്പോഴും സൈബര്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ബിറ്റ്കോയിനുകള്‍ സമ്പാദിക്കുന്നതും. സ്ത്രീകളുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും വന്‍കിട കമ്പനികളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതും ഇത്തരം സംഘങ്ങളുടെ പതിവാണ്. ശ്രീകൃഷ്ണയില്‍ നിന്നും ഇത്തരം കൂടുതല്‍ സംഘങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.സി.ബി.

Content Highlights: drugs bought through dark web techie arrested in bengaluru