ബെംഗളൂരു: വിദേശത്തുനിന്ന് ഡാര്‍ക്ക് വെബ്ബ് വഴി ലഹരിമരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തിവന്ന സംഘത്തില്‍പ്പെട്ട ഒരു മലയാളികൂടി ബെംഗളൂരുവില്‍ പിടിയില്‍. ഹൊസൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എക്സ്‌റേ ടെക്നീഷ്യനായി ജോലിചെയ്തുവരുകയായിരുന്ന അരുണ്‍ ആന്റണി(27) ആണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും ഹെബ്ബഗൊഡി പോലീസിന്റെയും സംയുക്ത അന്വേഷണത്തില്‍ പിടിയിലായത്. ഇയാളില്‍നിന്ന് 310 എല്‍.എസ്.ഡി. സ്ട്രിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഡാര്‍ക്ക് വെബ്ബ് വഴി ബിറ്റ്കോയിനുകള്‍ ഉപയോഗിച്ച് നെതര്‍ലന്‍ഡ്സില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നത് അരുണായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആശുപത്രി വിലാസത്തില്‍ വാങ്ങുന്ന മയക്കുമരുന്ന് പിന്നീട് സംഘാംഗങ്ങള്‍ക്ക് കൈമാറും. ഒരുതവണ മയക്കുമരുന്നുകള്‍ വാങ്ങിനല്‍കുന്നതിന് 40,000 രൂപയാണ് കമ്മിഷന്‍ ഇനത്തില്‍ അരുണിന് ലഭിച്ചുകൊണ്ടിരുന്നത്.
നവംബര്‍ രണ്ടിനാണ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പത്തുപേരടങ്ങുന്ന സംഘം ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശി അമല്‍ ബൈജു, തിരുവനന്തപുരം സ്വദേശി ഗണേശ് പിള്ള എന്നിവരാണ് അന്നു പിടിയിലായ മലയാളികള്‍. 90 ലക്ഷം രൂപയുടെ ലഹരിമരുന്നുകളാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. ഗണേശ് പിള്ളയാണ് അരുണിനെ ലഹരിസംഘവുമായി അടുപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആശുപത്രിയുടെപേരില്‍ വരുന്ന പാഴ്സലുകള്‍ അമല്‍ ബൈജുവിനാണ് ഇയാള്‍ കൈമാറിയിരുന്നത്.
ദൈവത്തിന്റെ ചിത്രം പതിപ്പിച്ച് സമ്മാനപ്പൊതിയുടെ രൂപത്തിലാണ് ലഹരിമരുന്ന് അടങ്ങിയ പാഴ്സലുകള്‍ എത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് സംഘം ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. എല്‍.എസ്.ഡി., എം.ഡി.എം.എ. ഗുളികകള്‍, എം.ഡി.എം.എ. ക്രിസ്റ്റലുകള്‍, കൊക്കെയ്ന്‍ പൊടി തുടങ്ങിയവയാണ് സംഘം കൈകാര്യംചെയ്തിരുന്ന മയക്കുമരുന്നുകള്‍.
വിദേശത്തുനിന്ന് ഡാര്‍ക്ക് വെബ്ബ് വഴി വന്‍തോതില്‍ മയക്കുമരുന്നുകള്‍ നഗരത്തിലെത്തുന്നതുസംബന്ധിച്ച് മൂന്നുമാസംമുമ്പാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നഗരത്തിലെ പരിശോധന കര്‍ശനമാക്കുകയായിരുന്നു. ഇതുവരെ പിടിയിലായവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് വിപുലമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: drugs bought from dark web malayali arrested in bengaluru