കുന്നംകുളം(തൃശ്ശൂര്‍): കടവല്ലൂര്‍ വടക്കുമുറിയില്‍ മയക്കുമരുന്നും ആയുധശേഖരവും പിടികൂടി. സംഭവത്തില്‍ കടവല്ലൂര്‍ വടക്കുമുറി പോകാരത്ത് വളപ്പില്‍ അബ്ദുല്‍ റഷീദി (39)നെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആയുധശേഖരവും ലഹരിമരുന്നും പിടികൂടിയത്.

കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ യുവാവില്‍നിന്ന് എം.ഡി.എം.എ.യും കഞ്ചാവും പിടികൂടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഷീദിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ലഹരിമരുന്നും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു .

വൈകീട്ട് ഒമ്പത് മണിയോടെ പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഘം റൂമിലെ വിവിധ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെടുക്കുകയായിരുന്നു. എസ്.ഐ.മാരായ ഹേമലത, അനുരാജ്, ഷക്കീര്‍, മണികണ്ഠന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം, വൈശാഖ്, ഹംദ്, സന്ദീപ്, വിനോദ്, സുജിത്ത്, അഭിലാഷ്, സജയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.