തിരുവനന്തപുരം: മദ്യലഹരിയില്‍ വീട്ടിലെത്തി വഴക്കുണ്ടാക്കിയയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അക്രമത്തില്‍ ഭാര്യയുടെ പിതാവിനും മാതാവിനും കുത്തേറ്റു. വട്ടിയൂര്‍ക്കാവ് മേലത്തുമേല്‍ ടി.സി. 10/1308 കൃഷ്ണയില്‍ രജനി കൃഷ്ണന്‍(42) ആണ് മരിച്ചത്. ഭര്‍ത്താവ് ശ്രീകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ ശ്രീകുമാര്‍, രജനിയുമായി വഴക്കിടുകയും വഴക്കിനിടെ രജനിയെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ചപ്പോഴാണ് രജനിയുടെ മാതാപിതാക്കളായ കൃഷ്ണനെയും രമാദേവിയെയും ശ്രീകുമാര്‍ കുത്തിയത്. അമ്മയെ കുത്തുന്നതു കണ്ട് പുറത്തേക്കോടിയ ആറാം ക്ലാസുകാരി മകള്‍ മൃദുലയാണ് നാട്ടുകാരെ വിവരമറിയിച്ചത്. മൃദുല ആക്രമണത്തില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രജനിയുടെ മകന്‍ പ്ലസ് ടു വിദ്യാര്‍ഥിയായ മിഥുന്‍ സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നു.
രജനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീകുമാറിനെ ആളുകള്‍ ചേര്‍ന്നു തടഞ്ഞു വയ്ക്കുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ ഇയാളുടെ കൈയില്‍ മുറിവേറ്റു. തുടര്‍ന്ന് ഏറെനേരം മരിച്ചതു പോലെ നിശ്ചലനായി കിടന്നു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെയും രമാദേവിയെയും മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണന് അടിയന്തര ശസ്ത്രക്രിയ നടത്തി. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനാണ് കൃഷ്ണന്‍.
ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന ശ്രീകുമാര്‍ ഈയിടെയാണ് അവധിക്കു വന്നത്. ശ്രീകുമാറും രജനിയും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുവരികയാണെന്നും ഇതിന്റെ പേരിലായിരുന്നു കലഹമെന്നും പോലീസ് പറഞ്ഞു.
ലഹരിക്കൊലപാതകം വീണ്ടും... നഗരം നടുങ്ങി
ആൾത്തിരക്കേറിയ ജങ്‌ഷനിലെ വീട്ടിൽ ലഹരിക്കടിമയായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യാപിതാവിനെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വട്ടിയൂർക്കാവ് മേലത്തുമേലെ ബസ് സ്റ്റോപ്പിനു പിന്നിലെ വീട്ടിലായിരുന്നു ചൊവ്വാഴ്ച വൈകുന്നേരം ഈ ആക്രമണം നടന്നത്. ഈ സമയം ജങ്‌ഷനിൽ നിരവധിപ്പേരുണ്ടായിരുന്നു. മേലത്തുമേലെ ‘കൃഷ്ണ’യിൽ TC 10/1308-ൽ രജനി കൃഷ്ണയെയാണ് ഭർത്താവ് ശ്രീകുമാർ ക്രൂരമായി കൊലപ്പെടുത്തിയത്. ഇത് തടയാൻ ശ്രമിച്ച രജനിയുടെ മാതാപിതാക്കൾ കൃഷ്ണനും രമാദേവിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെട്ട രജനിയുടെയും ശ്രീകുമാറിന്റെയും മകൾ മിഥില ശ്രീകുമാറാണ് ആക്രമണ വിവരം നാട്ടുകാരെ അറിയിച്ചത്. ബഹളംകേട്ട് ജങ്‌ഷനിലുണ്ടായിരുന്നവരും പരിസരവാസികളും ഓടിയെത്തുമ്പോഴേക്കും മൂന്നു പേരും രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാരാണ് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറിയത്. വിദേശത്തായിരുന്ന ശ്രീകുമാർ ലഹരിക്ക് അടിമയായതോടെ വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. പി.എസ്.സി.യിൽനിന്നു വിരമിച്ചശേഷം പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന കൃഷ്ണൻ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി ശ്രീകുമാർ ഈ വീടിനുസമീപം കറങ്ങിനടക്കുന്നത് പലരും കണ്ടിരുന്നു. അടുത്ത വീട്ടിൽ കഴിഞ്ഞദിവസം മരണം നടന്നതിനാൽ ഇയാൾ കഴിഞ്ഞദിവസം വീടിനു സമീപത്തെത്തി തിരികെപ്പോയത് പലരും ശ്രദ്ധിച്ചിരുന്നു. കുടുംബപ്രശ്നങ്ങളെക്കുറിച്ച് പുറത്തറിയാത്തതിനാൽ ആരും ഇത് ഗൗരവമായി എടുത്തിരുന്നില്ല. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ സമീപകാലത്ത് കഞ്ചാവിനും അടിമയായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ ലഹരിയിലായിരുന്നതിനാൽ പോലീസിന് കൂടുതൽ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് പ്രതി കൊണ്ടുവന്നതാണോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Content Highlight: Drugged man killed wife