മുംബൈ/പനാജി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ വിട്ടുവീഴ്ചയില്ലാതെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യുടെ അന്വേഷണം. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയ പ്രമുഖ നടിമാരിലേക്ക് മയക്കുമരുന്ന് കേസിന്റെ അന്വേഷണം നീണ്ടതോടെ ബോളിവുഡ് ഒന്നാകെ ഞെട്ടലിലാണ്. അന്വേഷണം ബോളിവുഡിലേക്ക് വ്യാപിച്ചെങ്കിലും പല പ്രമുഖ താരങ്ങളും സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. 

മയക്കുമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതിനിടെ, ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. 

ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവരോട് വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് എന്‍.സി.ബി. ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഗോവയിലായിരുന്ന നടിമാര്‍ വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലേക്ക് തിരിച്ചു. സാറാ അലി ഖാന്‍ ഗോവയില്‍നിന്ന് വിമാന മാര്‍ഗമാണ് മുംബൈയിലേക്ക് വരുന്നത്. സാറാ അലി ഖാന്‍ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ചിത്രങ്ങളും വാര്‍ത്താഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

അതേസമയം, ദീപിക പദുക്കോണ്‍ ഗോവയിലെ ഹോട്ടലില്‍നിന്ന് യാത്ര തിരിച്ചെങ്കിലും വിമാനത്തിലാണോ കാറിലാണോ മുംബൈയിലേക്ക് പോവുകയെന്നത് വ്യക്തമല്ല. ഷാക്കുന്‍ ബാത്രയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ദീപിക ഗോവയില്‍ തങ്ങിയിരുന്നത്.

അതിനിടെ, ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരായി. നാല് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ സിമോണെയെ ഉച്ചയോടെ വിട്ടയച്ചു. അഭിഗെയ്‌ലിന്റെ വീട്ടില്‍ എന്‍.സി.ബി. നടത്തിയ റെയ്ഡില്‍ ചരസും പിടിച്ചെടുത്തു. 

നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാകുല്‍ പ്രീത് സിങ്ങിന് കഴിഞ്ഞ ദിവസം തന്നെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണെന്നും അവരെ ഫോണിലടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. 

Content Highlights: drug case deepika padukone and sara ali khan left from goa to mumbai