ഭോപ്പാല്‍: യുവതിയെ കൊന്ന് കുഴിച്ചുമൂടിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാത്ന ജില്ലയില്‍ ദന്തഡോക്ടറായ അഷുതോഷ് ത്രിപാഠിയെയാണ് സാത്ന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്ന വിബ കെവാത്തിനെ(24)യാണ് രണ്ട് മാസം മുമ്പ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. സംഭവത്തില്‍ പോലീസിനെയും നാട്ടുകാരെയും കബളിപ്പിക്കാന്‍ ദൃശ്യം സിനിമയിലേതിന് സമാനമായ കാര്യങ്ങളും ഇയാള്‍ ചെയ്തു.
ഡിസംബര്‍ 14-നാണ് വിബ കെവാത്തിനെ കാണാതാവുന്നത്. രാവിലെ ജോലിക്കായി ക്ലിനിക്കിലേക്ക് പോയ യുവതി വീട്ടില്‍ തിരിച്ചെത്തിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. ക്ലിനിക്ക് ഉടമയായ അഷുതോഷിനോട് കാര്യം തിരക്കിയെങ്കിലും യുവതിയുടെ മാതാപിതാക്കളെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. വിബയ്ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍ താത്പര്യമില്ലെന്നും അവര്‍ ഒറ്റയ്ക്ക് ജീവിതം ആരംഭിച്ചെന്നുമാണ് ഇയാള്‍ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് യുവതിയെ ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. യുവതി ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വിശ്വസിച്ച കുടുംബം ആദ്യനാളുകളില്‍ പോലീസിലും പരാതി നല്‍കിയില്ല. പിന്നീട് സംശയം വര്‍ധിച്ചതോടെ ഫെബ്രുവരി ഒന്നിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് ആദ്യം അഷുതോഷിനെ ചോദ്യംചെയ്തെങ്കിലും യുവതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം ബലപ്പെട്ടതോടെ പോലീസ് രഹസ്യമായി അന്വേഷണം തുടര്‍ന്നു. ഡിസംബര്‍ 14-ന് ഡോക്ടര്‍ അഷുതോഷിന്റെയും വിബയുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഒരേസ്ഥലത്തായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വിബയും താനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിബ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടര്‍ മൊഴി നല്‍കി. ഡിസംബര്‍ 14-ന് വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് അഷുതോഷ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടു. ഇതിനുമുന്നോടിയായി ഒരു നായയുടെ ജഡവും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. നായയെ കുഴിച്ചിടാനെന്ന് പറഞ്ഞ് ചില തൊഴിലാളികളെ സംഘടിപ്പിച്ച് കുഴിയെടുത്തു. ഇവര്‍ പോയ ശേഷം യുവതിയുടെ മൃതദേഹം പറമ്പിലെത്തിക്കുകയും ആദ്യം കുഴിച്ചിടുകയും ചെയ്തു. ഇതിനുമുകളിലായി കള്ളിമണ്ണടക്കം ഇട്ടശേഷം നായയുടെ ജഡവും കുഴിച്ചിട്ടു. ദിവസങ്ങള്‍ക്ക് ശേഷം ആര്‍ക്കെങ്കിലും സംശയം തോന്നിയാലോ ദുര്‍ഗന്ധം വമിച്ചാലോ നായയെ കുഴിച്ചിട്ടത് കാരണമാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ പശുക്കിടാവിനെ കുഴിച്ചിട്ടതിന് സമാനമായി ആളുകളെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.
അതേസമയം, യുവ ഡോക്ടര്‍ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്തതെന്ന് പോലീസ് വിശ്വസിക്കുന്നില്ല. നായയുടെ ജഡം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്ന് സാത്‌ന പോലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് യാദവ് പറഞ്ഞു.
Content Highlights: drishyam model young doctor killed woman and hid body in drishyam style