കോയമ്പത്തൂര്‍: പ്രേക്ഷകര്‍ അടുത്തകാലത്തൊന്നും മറക്കാത്തത്രയും ഹിറ്റ് ആയിരുന്നു ദൃശ്യം എന്ന സിനിമ. മോഹന്‍ലാല്‍ അഭിനയിച്ച ഈ സിനിമ തമിഴ്നാട്ടില്‍ പാപനാശമായപ്പോള് വെള്ളിത്തിരയില്‍ കമല്ഹാസന് നിറഞ്ഞു. ജിത്തൂജോസഫ് സമര്‍ഥമായി ഒരുക്കിയ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് ധാരാപുരത്ത് നടന്ന ഒരു കൊലപാതകവും ശവമടക്കലും.
ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശിയെന്ന രണ്ടാവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാര്‍ച്ച് പാതിയോടെ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍, പെണ്‍കുട്ടിയെ കാണാതായവിവരം പറഞ്ഞ് സഹോദരി തമിഴരശി പോലീസില്‍ പരാതിനല്‍കുന്നത് ജൂണ്‍ അഞ്ചിന്. മുത്തരശിക്ക് അത്തുകല്പാളയത്തെ കെ. ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ മനസ്സിലായി. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് ഭരത്. തമിഴരശി ഈ ബന്ധത്തിന് എതിരായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മാര്‍ച്ച് പാതിയോടെ മുത്തരശി ഭരതിനൊപ്പം ഒളിച്ചോടി. അതേദിവസംതന്നെ ധാരാപുരത്തിനടുത്ത നല്ലത്തുങ്കലില് ഇവര്തമ്മില് വഴക്കുണ്ടായി. ഭരതിന്റെ അടിയേറ്റ് മുത്തരശി മരിച്ചെന്നാണ് പോലീസ് പറയുന്നത്. സംഭവം ഭരത് അമ്മയായ ലക്ഷ്മിയെ അറിയിച്ചു. മൃതദേഹം അത്തുക്കല്പാളയത്തെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അമ്മ പറഞ്ഞു. തുടര്‍ന്ന്, വീടിനുപിറകില്‍ കുഴിച്ചിട്ടു. ആഴ്ചകള്‍ക്ക് ശേഷം ഭരത് വീരച്ചിമംഗലം സ്വദേശിയായ യുവതിയെ വിവാഹംചെയ്തു. വീടിനു പിറകില്‍നിന്നുവന്ന രൂക്ഷഗന്ധത്തെപ്പറ്റി വധു പരാതിപ്പെട്ടതോടെ ഭരതിന്റെ അച്ഛന് കനകരാജ് ദമ്പതിമാരെ വധൂഗൃഹത്തിലേക്ക് അയച്ചു.
പെണ്‍കുട്ടിയെ കാണാതായകേസ് ഇഴഞ്ഞതോടെ ഒട്ടന്‍ചത്രം എം.എല്‍.എ. പ്രശ്നത്തിലിടപെട്ടു. ഇതോടെ ഭരതിലേക്ക് അന്വേഷണം മുറുകി. ഭരതിനെ ചോദ്യം ചെയ്ത പോലീസ് മൃതദേഹം പുറത്തെടുക്കാന്‍ അത്തുക്കല്പാളയത്തെത്തി. വീടിന് പിറകില്‍ മൃതദേഹം കുഴിച്ചിട്ടിടത്ത് കുഴിച്ചപ്പോഴാണ് പട്ടിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഇതോടെ വീണ്ടും വഴിത്തിരിവായി. കുഴിച്ചിട്ടിടത്തുനിന്ന് മുത്തരശിയുടെ മൃതദേഹം ഒരു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മാറ്റുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി കത്തിച്ചെന്നാണ് പറയുന്നത്. ജ്യോതിഷിയുടെ ഉപദേശപ്രകാരംതന്നെയാണ് പട്ടിക്കുട്ടിയുടെ ജഡം കുഴിച്ചിട്ടതും. ഭരതിന്റെ അച്ഛനെയും ജ്യോതിഷിയെയും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്താലേ കേസില്‍ കൂടുതല്‍വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
Content Highlight: Drishyam model murder in Coimbatore; Police recovered dog body in dindigul