ഇന്‍ഡോര്‍: ദൃശ്യം സിനിമാ മോഡലില്‍ ബിജെപി നേതാവും മക്കളും ഉള്‍പ്പെടെ അഞ്ച് പേര് ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. മലയാളത്തില്‍ ഇറങ്ങിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ഗാംഗ സ്വദേശിയായ ട്വിങ്കിള്‍ ദാഗ്രെ(22) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ചയാണ് ബിജെപി നേതാവിനെയും മൂന്ന് മക്കളെയും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രണ്ടുവര്‍ഷമായി തുടരുന്ന ദുരൂഹതയ്ക്കാണ് വിരാമമായത്. കോണ്‍ഗ്രസ് നേതാവ് ആയിരുന്നു കൊല്ലപ്പെട്ട ട്വിങ്കിള്‍. അതുകൊണ്ട് തന്നെ ട്വിങ്കിളിന്റെ തിരോധാനം ഇന്‍ഡോറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബിജെപി നേതാവ് ജഗ്ദീഷ് കരോട്ടിയ എന്ന കല്ലു പഹ്വാന്(55) മക്കളായ അജയ്(36) വിജയ്(38) വിനയ് (31) സുഹൃത്ത് സലേഷ് കശ്യപ്(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജഗ്ദീഷ് കരോട്ടിയയും ട്വിങ്കിളും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ ട്വിങ്കിള്‍ ഗര്‍ഭഛിദ്രവും നടത്തിയിരുന്നു. ജഗ്ദീഷിനോടൊപ്പം ഒന്നിച്ച് താമസിയ്ക്കണമെന്ന് ട്വിങ്കിള്‍ വാശിപിടിച്ചതോടെ ജഗ്ദീഷിന്റെ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കി. ഇതോടെ കുടുംബം തകരാതിരിക്കാനായി ജഗ്ദീഷും മക്കളും ചേര്‍ന്ന് ട്വിങ്കിളിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. 2016 ഒക്ടോബര്‍ 16 ന് ട്വിങ്കിളിനെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ശരീരം കത്തിച്ചു കളഞ്ഞു.
ശരീരം കത്തിച്ച സ്ഥലത്തുനിന്നും കൈചെയ്ന്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ജഗ്ദീഷും മക്കളും ദൃശ്യം സിനിമ കണ്ടതായി പോലീസ് വ്യക്തമാക്കി. സിനിമയില്‍ ഉള്ളതിന് സമാനമായി ഒരു സ്ഥലത്ത് ഇവര്‍ നായയുടെ ശരീരം കത്തിച്ചു. ഈ സ്ഥലത്ത് മനുഷ്യന്റെ ശരീരം കത്തിച്ചതായി ഇവര്‍ തന്നെ വാര്‍ത്തയും പ്രചരിപ്പിച്ചു. പോലീസ് ഈ സ്ഥലം പരിശോധിച്ചപ്പോള്‍ നായയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇത് അന്വേഷണത്തെ വഴിതെറ്റിയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നുവെന്ന് ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി മിശ്ര വ്യക്തമാക്കി.
ഗുജറാത്ത് ലാബോറട്ടിയില്‍ വച്ച് ജഗ്ദീഷിനെയും അഞ്ച് പേരെയും ബ്രെയിന്‍ മാപ്പിങ് എന്ന ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കേസ് തെളിയിച്ചത്. ഇന്‍ഡോറില്‍ ഇത്തരത്തില്‍ തെളിയിക്കുന്ന ആദ്യത്തെ കേസാണിത്.
Content Highlight: Drishyam model murder BJP leader and his sons arrested