മലപ്പുറം: ജില്ലയില്‍ മൂന്നിടത്തായി കൊച്ചി ഡി.ആര്‍.ഐ. സംഘം നടത്തിയ റെയ്ഡില്‍ 9.45 കിലോ സ്വര്‍ണവും 63 ലക്ഷം രൂപയും പിടിച്ചെടുത്തു. ഏഴുപേരെ അറസ്റ്റുചെയ്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 4.75 കോടി രൂപ വിലവരും.

അരീക്കോടിനടുത്ത കാവന്നൂരിലും വെള്ളിലയിലും കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളക്കടത്തുസ്വര്‍ണം പിടിച്ചത്. കാവനൂരിലെ സ്വര്‍ണമുരുക്കല്‍ കേന്ദ്രത്തില്‍നിന്നാണ് 5.8 കിലോ സ്വര്‍ണം പിടിച്ചത്. കേന്ദ്രം ഉടമയും സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയുമായ കാവന്നൂര്‍ ഏലിയാപറമ്പിലെ ഫസലുറഹ്‌മാന്റെ വീട്ടില്‍നിന്നും വെള്ളില സ്വദേശിയായ അലവിയുടെ വീട്ടില്‍നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു.

കള്ളക്കടത്ത് സ്വര്‍ണവുമായെത്തി കൊച്ചിയില്‍ പിടിയിലായ ഇസ്മായില്‍ ഫൈസല്‍, കരിപ്പൂരില്‍ പിടിയിലായ പോത്തന്‍ ഉനൈസ് എന്നിവരില്‍നിന്നാണ് സ്വര്‍ണം എടുക്കുന്നയാളെക്കുറിച്ചും സ്വര്‍ണമുരുക്കല്‍ കേന്ദ്രത്തെക്കുറിച്ചും വിവരം ലഭിക്കുന്നത്. അങ്ങനെയാണ് ഫസലുറഹ്‌മാനെത്തേടി ഡി.ആര്‍.ഐ. എത്തുന്നത്. സ്വര്‍ണമുരുക്കല്‍ കേന്ദ്രത്തിലേതുകൂടാതെ ഫസലു റഹ്‌മാന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 850 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

സ്വര്‍ണം വില്‍ക്കുന്ന അലവിയുടെ വീട്ടില്‍ തുടര്‍ന്ന് പരിശോധന നടത്തി. അവിടെനിന്ന് 1.5 കിലോ സ്വര്‍ണവും 62 ലക്ഷം രൂപയും പിടിച്ചെടുത്തു. ഫസലു റഹ്‌മാനെക്കൂടാതെ കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീന്‍, മുഹമ്മദ് അഷ്റഫ്, ആഷിക് അലി, വീരാന്‍കുട്ടി, അലവി എന്നിവരാണ് പിടിയിലായത്. ഇവരേയും നേരത്തേ പിടിയിലായ ഇസ്മയില്‍ ഫൈസല്‍, പോത്തന്‍ ഉനൈസ് എന്നിവരേയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. പോത്തന്‍ ഉനൈസ്, ഇസ്മായില്‍ ഫൈസല്‍, മുഹമ്മദ് മുസ്തഫ, മുഹമ്മദ് ശിഹാബുദ്ദീന്‍ എന്നിവരെ ജാമ്യത്തില്‍ വിട്ടു. മറ്റുള്ളവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡി.ആര്‍.ഐ. അറിയിച്ചു.

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം കൈവശപ്പെടുത്തി. താമരശ്ശേരി സ്വദേശിയായ 29-കാരനെയാണ് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മൊബൈല്‍ഫോണും ബാഗുകളും നഷ്ടപ്പെട്ടതായി യുവാവ് കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യുവാവ് ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയത്. ദുബായിലെ സുഹൃത്ത് പരിചയപ്പെടുത്തിയ സംഘം നല്‍കിയ സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്താക്കിയാണ് വന്നത്. വിമാനടിക്കറ്റും 50,000 രൂപയുമായിരുന്നു വാഗ്ദാനം. സ്വര്‍ണം മറിച്ചുനല്‍കിയാല്‍ ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും സുഹൃത്ത് യുവാവിന് വാഗ്ദാനംചെയ്തു. കരിപ്പൂരില്‍ നീല ഷര്‍ട്ടിട്ടയാള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം.

യുവാവ് ഈ വാഗ്ദാനം സ്വീകരിച്ചാണ് സ്വര്‍ണവുമായി കരിപ്പൂരിലേക്കു വന്നത്. കരിപ്പൂരില്‍ ടെര്‍മിനലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദ്യസംഘത്തിലെ രണ്ടുപേര്‍ വാഹനവുമായി എത്തി. രണ്ടാമത്തെ സംഘവും യുവാവിനെ സമീപിച്ചു. ആദ്യസംഘം യാത്രക്കാരനെ ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയി. ഇതിനിടെ ബഗേജ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടെര്‍മിനലിനു മുന്നില്‍ രണ്ടു മൂന്നുതവണ വാഹനം ചുറ്റിക്കറങ്ങി യുവാവില്‍നിന്ന് സ്വര്‍ണം കൈവശപ്പെടുത്തി.

വിമാനത്താവളറോഡില്‍ പോലീസ് പരിശോധന കണ്ടതോടെ വാഹനത്തില്‍നിന്ന് ഒരാള്‍ സ്വര്‍ണവുമായി പുറത്തിറങ്ങി നടന്നു. പോലിസ് പരിശോധന കഴിഞ്ഞതോടെ ഇയാള്‍ തിരിച്ചെത്തി വാഹനത്തില്‍ കയറി. തുടര്‍ന്നുള്ള സഞ്ചാരത്തിനിടെ മര്‍ദിക്കുകയും വിലയേറിയ ഫോണ്‍ കൈവശപ്പെടുത്തുകയുംചെയ്തു.സ്വര്‍ണക്കടത്തിന് വാഗ്ദാനംചെയ്ത പണവും യുവാവിന് നല്‍കാതെ വീടിനു സമീപം ഇറക്കിവിട്ടു. ഇയാളുടെ ബാഗുകള്‍ വിമാനത്താവളത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.