കൊച്ചി: കോവിഡ് കാലത്ത് പോലീസിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ് ഡ്രാക്കുള സുരേഷ് എന്ന മോഷ്ടാവ്. പത്തുദിവസത്തിനിടെ മൂന്നാം തവണയാണ് ഡ്രാക്കുള പോലീസിനെ പറ്റിച്ച് മുങ്ങിയത്. ആദ്യ രണ്ടുവട്ടവും പെരുമ്പാവൂരിൽനിന്ന് കള്ളൻ വലയിലായി. ഇക്കുറിയും പെരുമ്പാവൂരിലേക്ക് കണ്ണുനട്ടിരിക്കുകയാണ് പോലീസ്. ഡ്രാക്കുളയെ പിടികൂടാൻ റൂറൽ എസ്.പി. കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ചാട്ടം 1 സെപ്റ്റംബർ 23

പെരുമ്പാവൂർ തണ്ടേക്കാടുള്ള കടയിൽനിന്ന് പണം മോഷ്ടിച്ച കേസിൽ പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തു. പുലർച്ചെ കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിലെത്തിച്ചു. പോലീസിനെ ആക്രമിച്ച് ചാടി. 24-ന് പുലർച്ചെ പെരുമ്പാവൂർ മേപ്രത്ത് ഒരു വീട്ടിൽനിന്ന് പോലീസ് പിടികൂടി.


ചാട്ടം 2 സെപ്റ്റംബർ 25

വീണ്ടും കറുകുറ്റി കോവിഡ് കെയർ സെന്ററിൽനിന്ന് ചാടി. ഇക്കുറി പൂട്ടുപൊളിച്ച്. പിറ്റേന്നു രാത്രി വീണ്ടും പെരുമ്പാവൂർ കണ്ടമ്പ്രയിൽനിന്ന് പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെ ജയിൽ അധികൃതർ പിടികൂടി.

ചാട്ടം 3 ഒക്ടോബർ 3

രാവിലെ 10.15-ന് മൂന്നാമതും ചാടി. 30-ന് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ സൈക്യാട്രിക്ക് വാർഡിലെ സെല്ലിലായിരുന്നു ഇയാളെ പാർപ്പിച്ചത്. അക്രമികളായ തടവുകാരെ പാർപ്പിക്കുന്ന ഈ സെല്ലിന്റെ മുകൾഭാഗത്തെ വിടവിലൂടെയാണ് രക്ഷപ്പെട്ടത്.

ആളൊരു സൈക്കോ...

പോലീസ് ജീപ്പിന്റെ ചില്ലടിച്ചു തകർത്തശേഷം കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട് സുരേഷ്. അന്ന് 15,000 രൂപ നഷ്ടപരിഹാരം ഇയാളുടെ കൂടെയുള്ള സ്ത്രീ എത്തിയാണ് അടച്ചത്.

കഴിഞ്ഞ ജൂണിൽ മൂവാറ്റുപുഴയിൽ മോഷണത്തിനുശേഷം കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കെ, നാട്ടുകാരും പോലീസുകാരും പിടികൂടുമെന്നായപ്പോൾ പെരുവംമൂഴി പാലത്തിൽനിന്ന് ചാടി. വീണത് വെള്ളമില്ലാത്ത സ്ഥലത്ത്. പരിക്കു പറ്റിയെന്നും, അസ്ഥികൾ ഒടിഞ്ഞെന്നും കോവിഡാണെന്നും പറഞ്ഞ് തലയൂരാൻ ശ്രമിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ പിടിച്ചത്.

പരിശോധനയിൽ കാര്യമായ പരിക്കില്ലെന്ന് കണ്ടെത്തി. ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാണ് പെരുമ്പാവൂരിൽ മോഷണം നടത്തിയത്.

മോഷണ രീതി

മുമ്പ് രാത്രിയായിരുന്നു മോഷണം. അന്ന് വീടും കടകളും കുത്തിത്തുറന്ന് മോഷ്ടിച്ചിരുന്നു. ഇപ്പോൾ മോഷണം പകലാക്കി. കടകൾക്ക് സമീപം ചുറ്റിയടിക്കും.

കടക്കാരന്റെ കണ്ണുതെറ്റുമ്പോൾ മോഷണം നടത്തും. പകൽ വീടുകൾ കുത്തിത്തുറക്കുകയും ചെയ്യും.മുമ്പ് മൂവാറ്റുപുഴയിലായിരുന്നു സ്ഥിരം മോഷണം. പിന്നീട് പെരുമ്പാവൂരിലേക്കുമാറ്റി. പോലീസ് പിടിച്ചാൽ അസ്വാഭാവികമായി പെരുമാറുകയും അക്രമകാരിയാവുകയും ചെയ്യുമെന്ന് അങ്കമാലി എസ്.ഐ. സൂഫി പറഞ്ഞു.

ഡ്രാക്കുളയുടെ പ്രൊഫൈൽ...

പേര്: പുത്തൻകുരിശ് വടയമ്പാടി ചെമ്മല കോളനി കുണ്ടോലിക്കുടി വീട്ടിൽ സുരേഷ് വട്ടപ്പേര്: ഡ്രാക്കുള സുരേഷ്
വയസ്: 38
താമസം: പെരുമ്പാവൂർ കണ്ടന്തറ പള്ളിക്കുസമീപം വാടകയ്ക്ക്.
കേസുകൾ : 20-ലേറെ

Content Highlights:dracula suresh again escaped from police custody