കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽനിന്നു രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിലായി. കോലഞ്ചേരിയിലെ കോളേജ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ് പുത്തൻകുരിശ് പോലീസ് സുരേഷിനെ സാഹസികമായി പിടികൂടിയത്.

ഇയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നിർദേശാനുസരണം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. അതിനിടെ, സുരേഷിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പിടികൂടിയ എസ്.ഐ. അടക്കം മൂന്ന് പോലീസുകാർ ക്വാറന്റീനിൽ പ്രവേശിച്ചു.

ഡ്രാക്കുള സുരേഷ് എന്ന വട്ടപ്പേരിലറിയപ്പെടുന്ന വടയമ്പാടി ചെമ്മല കോളനി സുരേഷ് ഒക്ടോബർ മൂന്നാം തീയതിയാണ് കോവിഡ് വാർഡിൽനിന്ന് രക്ഷപ്പെട്ടത്. തടവുകാരെ പാർപ്പിച്ചിരുന്ന സെല്ലിന്റെ മുകൾഭാഗത്തെ വിടവിലൂടെയായിരുന്നു ചാടിപ്പോയത്. നേരത്തെ സെപ്റ്റംബർ 23-നും 25-നും കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിൽനിന്നും ഡ്രാക്കുള സുരേഷ് ചാടിപ്പോയിരുന്നു. 23-ാം തീയതി പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ സുരേഷിനെ പെരുമ്പാവൂരിലെ ഒരു വീട്ടിൽനിന്നാണ് പിടികൂടിയത്.

തുടർന്ന് കറുകുറ്റിയിലെ കോവിഡ് സെന്ററിൽ തിരികെ എത്തിച്ചെങ്കിലും പൂട്ടുപൊളിച്ച് വീണ്ടും രക്ഷപ്പെട്ടു. അന്നും പെരുമ്പാവൂരിൽനിന്നാണ് ഡ്രാക്കുളയെ പോലീസ് പിടികൂടിയത്. ഇരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷിനെ പെരുമ്പാവൂരിലെ കടയിൽനിന്ന് പണം മോഷ്ടിച്ച കേസിലാണ് ഇത്തവണ അറസ്റ്റ് ചെയ്തിരുന്നത്.

Content Highlights:dracula suresh again arrested by police