നിലമ്പൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ ഏകമകള്‍ നേരിട്ട മാനസിക, ശാരീരിക പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഊര്‍ങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടന്‍ അബ്ദുള്‍ ഹമീദിനെയാണ് (30) അറസ്റ്റ് ചെയ്തത്. അരീക്കോട് കുനിയില്‍ ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു ഹമീദും പിതാവ് ഇസ്മായിലും മാതാവ് ഫാത്തിമയും. ഇവരും കേസില്‍ പ്രതികളാണ്.

ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ എം. അസൈനാര്‍, അബ്ദുള്‍ റഷീദ്, അരീക്കോട് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. സുരേഷ്, എടവണ്ണ എസ്.സി.പി.ഒ. സുനിത, സഞ്ജു, സി.പി.ഒ.മാരായ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അംഗങ്ങളായിരുന്നു. അരീക്കോട് കുനിയിലുള്ള ബന്ധുവീട്ടില്‍ വെച്ചാണ് ബുധനാഴ്ച പുലര്‍ച്ചെ പ്രതികളെ പിടികൂടിയത്. മാതാപിതാക്കളെ ചോദ്യംചെയ്ത് വിട്ടയച്ചു.
കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മകളെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് കഴിഞ്ഞ 23-നാണ് ചെങ്ങാറായി മൂസക്കുട്ടി റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചത്. മരിക്കുന്നതിനു മുമ്പ് മൂസക്കുട്ടി സ്വന്തം ഫോണില്‍ മകളുടെ ദുരവസ്ഥ സംബന്ധിച്ചുള്ള റെക്കോഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിലിട്ടിരുന്നു.
മൂസക്കുട്ടിയുടെ മരണം വണ്ടൂര്‍ പോലീസാണ് അന്വേഷിക്കുന്നത്. 60 ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞുമായി മൂസക്കുട്ടിയുടെ മകള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനപീഡന കേസിലാണ് ഭര്‍ത്താവ് അറസ്റ്റിലായത്. സംഭവം നിയമസഭയില്‍ പോലീസിനെതിരെ ആരോപണമായി തിരിഞ്ഞിരുന്നു. കഴിഞ്ഞ 23-ന് ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം തെഞ്ചീരിയിലെ ഹമീദിന്റെ വീട്ടില്‍ ആക്രമണം നടത്തിയതിന് അരീക്കോട് പോലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി. സജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം.

ആ കരച്ചില്‍ നാടിന്റെ നൊമ്പരം
മമ്പാട്: സ്ത്രീധനത്തിന്റെ പേരില്‍ മകളുടെ കണ്ണീരില്‍ മനമുരുകി ആ പിതാവ് അവസാനമായി തേങ്ങി. മകള്‍ക്ക് നീതികിട്ടണമെന്നഭ്യര്‍ഥിച്ച് മടങ്ങി. കഴിഞ്ഞമാസം 23-ന് തൂങ്ങിമരിച്ച പന്തലിങ്ങല്‍ ചെങ്ങരായി മൂസക്കുട്ടിയാണ് നാടിനു നൊമ്പരച്ചിത്രമാകുന്നത്. വീടിനടുത്ത റബര്‍തോട്ടത്തിലാണ് മൂസക്കുട്ടി തൂങ്ങിമരിച്ചത്. തനിക്കിതു താങ്ങാനാകുന്നില്ലെന്നു പറഞ്ഞ് കരഞ്ഞാണ് ആ ടാപ്പിങ് തൊഴിലാളി മരണത്തിലേക്കു നടന്നടുത്തത്.


ഇതിനുമുന്‍പ് ഇദ്ദേഹം ഫോണിലെടുത്തുവെച്ച വീഡിയോയിലാണ് സങ്കടക്കഥകള്‍ പറയുന്നത്. 2020 ജനുവരി 12-നായിരുന്നു മൂസക്കുട്ടിയുടെ മകളുടെ വിവാഹം. വിവാഹസമയത്ത് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. ഇതുപോരെന്നു പറഞ്ഞതോടെ ആറുപവന്‍കൂടി നല്‍കുകയായിരുന്നു. തനിക്ക് നാലുലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയുണ്ടെന്ന് മൂസക്കുട്ടി വീഡിയോദൃശ്യത്തില്‍ പറയുന്നു. ഇതു വീട്ടാനായിട്ടില്ല. വര്‍ഷംതോറും 60,000 രൂപവീതം പലിശയടച്ചുവരികയാണ്. ഇതിനിടെയാണ് പുതിയ വര്‍ത്തമാനം കേള്‍ക്കേണ്ടിവരുന്നതെന്നും ഒരു കാരണവശാലും മകള്‍ക്ക് നീതികിട്ടാതെ പോകരുതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മൂസക്കുട്ടിക്ക്. ഇളയമകന്‍ പിതാവിനെ ടാപ്പിങ്ങില്‍ സഹായിക്കാറുണ്ട്. സംഭവദിവസം മകനോട് സഹായത്തിനുവരേണ്ടെന്നായിരുന്നു പിതാവിന്റെ നിര്‍ദേശം. കുറച്ചു മരമേ ടാപ്പിങ് നടത്തിയിട്ടുള്ളൂ എന്ന കാരണത്താലായിരുന്നു ഇത്.

ഹിബ പറയുന്നു
തനിക്ക് ഭര്‍ത്താവില്‍നിന്ന് നിരന്തരം പീഡനമേല്‍ക്കേണ്ടിവന്നെന്ന് മൂസക്കുട്ടിയുടെ മകള്‍ ഹിബ പറയുന്നു. രണ്ടുമാസം പ്രായമേ ഇവരുടെ കുഞ്ഞിന് ആയിട്ടുള്ളൂ. കുഞ്ഞിന്റെ 'നാല്‍പ്പത്' ചടങ്ങിന്റെ തലേന്നുപോലും മാനസികപീഡനം നേരിട്ടു. കുഞ്ഞു ജനിച്ചതിന്റെ സന്തോഷവേളയില്‍ ഇങ്ങനെയൊന്നും പറയരുതെന്നായിരുന്നു മൂസക്കുട്ടിയുടെ അഭ്യര്‍ഥന.

എന്നാല്‍ ഏറെ വിഷമിപ്പിക്കുന്ന വാക്കുകളാണ് പിതാവിന് നേരിടേണ്ടിവന്നതെന്ന് മകള്‍ പറയുന്നു. ഉമ്മയുടെ വളയും മാലയുമായി ആറുപവന്‍ സ്വര്‍ണംകൂടി നല്‍കേണ്ടിവന്നിട്ടും തൃപ്തിവരാതെയായിരുന്നു പീഡനം. സ്വര്‍ണം പോരെന്നുപറഞ്ഞ് അടിക്കും. ഉറങ്ങാന്‍കൂടി സമ്മതിക്കില്ല. തുടര്‍ന്നും സ്ത്രീധനം ആവശ്യപ്പെടുന്ന കാര്യം പിതാവിനോടു പറഞ്ഞിരുന്നില്ല. പിതാവിനത് താങ്ങാനാകില്ലെന്ന കാരണത്താലായിരുന്നു ഇതെന്നും ഹിബ പറയുന്നു.