ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച കൊലപാതക ദൃശ്യങ്ങള്‍ വെബ് സീരിസിലെ രംഗങ്ങളാണെന്ന് സ്ഥിരീകരണം. ഉത്തര്‍പ്രദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സേന അഡി. സൂപ്രണ്ട് രാഹുല്‍ ശ്രീവാസ്തവയാണ് വിവാദ വീഡിയോയുടെ സത്യാവസ്ഥ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഷോപ്പിങ് മാളിന് മുന്നില്‍വെച്ച് യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വെബ് സീരിസിലെ രംഗങ്ങളാണെന്ന് പരാമര്‍ശിക്കാതെ നടുക്കുന്ന കൊലപാതകമാണെന്ന വിവരണത്തോടെയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതോടെ നിരവധിപേര്‍ കാര്യത്തിന്റെ സത്യാവസ്ഥ തിരക്കി പോലീസിനെ വിളിച്ചു. തുടര്‍ന്നാണ് സംഭവം വെബ് സീരിസിലെ രംഗങ്ങളാണെന്ന് സ്ഥിരീകരിച്ച് യു.പി. പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവ ട്വീറ്റ് ചെയ്തത്. 

ഹരിയാണയിലെ കര്‍ണാലിലെ ഒരു കഫേയ്ക്ക് മുന്നില്‍വെച്ച് ചിത്രീകരിച്ച വെബ് സീരിസിലെ രംഗങ്ങളാണിതെന്നും 'ഫ്രണ്ട്‌സ് കഫേ' എന്ന സ്ഥാപനത്തിന്റെ മാനേജര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രാഹുല്‍ ശ്രീവാസ്തവ ട്വിറ്ററില്‍ വ്യക്തമാക്കി. 

പോലീസ് ഉദ്യോഗസ്ഥനും യുവാവും തമ്മില്‍ തര്‍ക്കമുണ്ടാവുന്നതും പിന്നാലെ പോലീസുകാരന്‍ യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും വെടിവെച്ച് കൊല്ലുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് വെബ് സീരിസിലെ രംഗങ്ങളാണെന്ന് പരാമര്‍ശിക്കാതെയാണ് പലരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

Content Highlights: double murder in shopping mall police confirmed that video from a web series