ലഖ്‌നൗ:  ഇരട്ടക്കൊലക്കേസില്‍ ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭര്‍ത്താവിനെതിരേ ജാമ്യമില്ലാ വാറന്റ്. ഉത്തരാഖണ്ഡ് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി രേഖ ആര്യയുടെ ഭര്‍ത്താവ് പപ്പു ഗിര്‍ദാരി എന്ന ഗിര്‍ദാരി ലാല്‍ സാഹുവിനെതിരെയാണ് ബരേലിയിലെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഗിര്‍ദാരി ലാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. 

31 വര്‍ഷം മുന്‍പ് നടന്ന  ഇരട്ടക്കൊലപാതകത്തിലാണ് സാഹുവിനെതിരേ അഡീഷണല്‍ സെഷന്‍സ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. പ്രതിക്ക് പനിയാണെന്നും ആരോഗ്യനില മോശമാണെന്നും സാഹുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതെല്ലാം തള്ളി. തുടര്‍ന്നാണ് സാഹുവിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കെതിരായ വാറന്റ് റദ്ദാക്കണമെന്ന അപേക്ഷയും കോടതി തള്ളി. 

ബരേലിയിലെ നരേഷ് ജെയിന്‍, ഭാര്യ പുഷ്പ ജെയിന്‍ എന്നിവരെ അഞ്ചംഗസംഘം വീട്ടില്‍ കയറി കൊലപ്പെടുത്തിയെന്നാണ് കേസ്. 1990 ജൂണ്‍ 11-നായിരുന്നു സംഭവം. ആക്രമണത്തില്‍ നരേഷിന്റെ മക്കളായ പ്രഗതിക്കും പ്രേര്‍ണയ്ക്കും പരിക്കേറ്റിരുന്നു. കേസില്‍ സാഹു ഉള്‍പ്പെടെ 11 പേരെയാണ് പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇനി ഓഗസ്റ്റ് 20-ന് കോടതി വാദം കേള്‍ക്കും. 

Content Highlights: double murder case non bailable warrant against uttarakhand minister rekha arya's husband