കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയില്‍ 20 കോടിയോളം രൂപ വില മതിക്കുന്ന 'ബ്ലാക്ക് സാന്റ് ബോ' എന്നറിയപ്പെടുന്ന ഇരുതലമൂരിയുമായി മൂന്നു പേര്‍ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി അബ്ദുള്‍ കലാം ആസാദ് (40), കടവന്ത്ര സ്വദേശി രാജേഷ് മേനോന്‍ (33), കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ കിഷോര്‍ (36) എന്നിവരെയാണ് എളമക്കര സ്റ്റേഷന്‍ പരിധിയില്‍നിന്ന് പോലീസ് പിടിച്ചത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡിക്കിയിലെ രഹസ്യ അറയില്‍നിന്ന്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രകാരം ഷെഡ്യൂള്‍ഡ് നാല് ഇനത്തില്‍ ചേര്‍ക്കപ്പെട്ട ആറ് കിലോയോളം വരുന്ന ഇരുതലമൂരിയെ കണ്ടെടുത്തു. ഇരുതലമൂരിയെ അന്യായമായി കൈവശം സൂക്ഷിച്ചാല്‍ നാലു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്ന് വന്‍ തുക കൊടുത്താണ് ഇരുതലമൂരിയെ വാങ്ങിയത് - പ്രതികള്‍ പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ഇടപാടുകാര്‍ എന്ന വ്യാജേന സംഘത്തെ സമീപിച്ച ഷാഡോ സംഘം 10 കോടി രൂപ വിലയിട്ട് നടത്തിയ കച്ചവടത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ വനം വകുപ്പിന്റെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു.

ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കഴിഞ്ഞയാഴ്ച പ്രതികള്‍ താമസിച്ച നക്ഷത്ര ഹോട്ടലില്‍ ചെന്ന് ടോക്കണ്‍ നല്‍കി ഇടപാട് ഉറപ്പിച്ചു പോന്ന ശേഷം, പണം കൈമാറാന്‍ എന്ന രീതിയിലെത്തി പിടികൂടുകയായിരുന്നു.

ചൈന, മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലെ മൃഗ കള്ളക്കടത്ത് മാര്‍ക്കറ്റില്‍ കോടികള്‍ മോഹവില പറയുന്ന ഇരുതലമൂരികളെ, പ്രധാനമായും ആഭിചാര ക്രിയകള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. വന്‍കിട പ്രൊജക്ടുകളുടെയും മറ്റും ശിലാസ്ഥാപന കര്‍മത്തില്‍ ഇത്തരം ഇരുതലമൂരികളെ ബലി നല്‍കിയാല്‍ ഐശ്വര്യം കുമിഞ്ഞുകൂടുമെന്ന മിഥ്യാധാരണയില്‍ ആണ് ഇവയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില വരാന്‍ കാരണം.