മംഗളൂരു: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാസര്‍കോട് ചെമ്പരിക്കയിലെ ഡോണ്‍ തസ്ലിം എന്ന മുഹ്തസിമിനെ (മുഹമ്മദ് തസ്ലീം-39) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുപിന്നില്‍ കാസര്‍കോട്ടെ ഗുണ്ടാ സംഘമെന്ന് സൂചന. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പണമിടപാടാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. പൈവളിഗെ സ്വദേശിയായ ഗുണ്ടാസംഘത്തലവന് തസ്ലീം ഒന്നരക്കോടിയോളം രൂപ നല്‍കാനുണ്ടെന്നും ഇതു വാങ്ങിയെടുക്കാനായി ബണ്ട്വാള്‍ കേന്ദ്രമായ മറ്റൊരു ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായും പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നിലവില്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നുമാണ് ബണ്ട്വാള്‍ പോലീസ് പറയുന്നത്.

തസ്ലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൈവളിഗെ അട്ടഗോളി സ്വദേശിയുള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബണ്ട്വാള്‍ സി.ഐ. ടി.നാഗരാജ്, എസ്.ഐ. അവിനാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

2019 സെപ്റ്റംബറില്‍ മംഗളൂരുവില്‍ ജൂവലറി കൊള്ളയടിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ തസ്ലീമിനു നേര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്നാണ് ഗുല്‍ബര്‍ഗ ജയിലിലേക്കു മാറ്റിയത്. ഈ കേസില്‍ ജനുവരി 31-ന് ജാമ്യത്തിലിറങ്ങി സഹോദരനും സുഹൃത്തിനുമൊപ്പം നാട്ടിലേക്കുവരുമ്പോളാണ് കലബുറഗി നെഗോലിയില്‍വെച്ച് കാറിലെത്തിയ സംഘം തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്. സഹോദരന്റെ പരാതിയില്‍ പോലീസ് ഞായറാഴ്ച ബണ്ട്വാളിലെ ഗുണ്ടാസംഘത്തിന്റെ ഒളിത്താവളം വളഞ്ഞതോടെ ക്വട്ടേഷന്‍സംഘം കാറില്‍ തസ്ലീമുമായി രക്ഷപ്പെട്ടു. പോലീസ് പിന്തുടര്‍ന്നതോടെ മംഗളൂരു ബി.സി. റോഡിന് സമീപത്തുവെച്ച് കാറില്‍ തസ് ലീമിനെ കൊലപ്പെടുത്തി സംഘം രക്ഷപ്പെട്ടു.

തസ്ലീമിന്റെ മൃതദേഹം പരിശോധനയ്ക്കുശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. തുടര്‍ന്ന് ചെമ്പരിക്കയിലെത്തിച്ച് കബറടക്കി. ഗുണ്ടാ സംഘത്തലവന്‍ കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തസ്ലീം. എന്നാല്‍ നിലവില്‍ കാലിയാ റഫീഖിന്റെ സംഘാംഗങ്ങളുമായി നല്ല ബന്ധത്തിലാണ് ഇയാളെന്നാണ് പോലീസിനു കിട്ടിയ വിവരം.

Content Highlights: don thaslim murder; police hints four taken in custody