ജയ്പുര്‍: കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ മകളുടെ സഹായത്തോടെ ഭാര്യ ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ ബീക്കാനീറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ശ്യാം സുന്ദര്‍ കുംഹാറാണ് കൊല്ലപ്പെട്ടത്.  

സംഭവത്തില്‍ പ്രതിയായ ഭാര്യ പുഷ്പ (38), മകള്‍ പ്രിയങ്ക(19) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഏഴുമണിയോടെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഇയാള്‍ തിരികെ വീട്ടിലെത്തി.തുടര്‍ന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രി ഒരു മണിവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ശേഷം കിടന്നുറങ്ങിയ ഇയാളുടെ മുറിയിലേക്ക് പ്രിയങ്കയും അമ്മ പുഷ്പയും ചെല്ലുകയായിരുന്നു.  പിന്നീട് പ്രിയങ്ക കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പിതാവിന്റെ വായിലേക്കും ശരീരത്തിലേക്കും ഒഴിക്കുകയും ചെയ്തു. പിന്നാലെ തടിയില്‍ തുണി ചുറ്റി കത്തിച്ച് ദേഹത്തേക്ക് ഇടുകയായിരുന്നു, ഖജുവാല പോലീസ് എസ് എച്ച് ഒ വിക്രം സിങ് പറഞ്ഞു.

പിന്നീട് തീ പടര്‍ന്നുപിടിക്കുകയും ഇയാള്‍ കൊല്ലപ്പെടുകയുമായിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടക്കമുള്ള സംഘം സംഭവസ്ഥലത്തെത്തിയത്.

കൊലപാതകത്തിന് ശേഷം പത്ത്കിലോമീറ്റര്‍ അകലെയുള്ള ആര്‍മി ബങ്കറില്‍ ഒളിച്ചിരുന്ന അമ്മയേയും മകളേയും പോലീസ് പിടികൂടുകയായിരുന്നു. 

കൊല്ലപ്പെട്ട ശ്യാം സുന്ദര്‍ മെക്കാനിക് ആയതിനാല്‍ ഇയാള്‍ വീട്ടില്‍ പെട്രോള്‍ സൂക്ഷിക്കുമായിരുന്നു. ഇക്കാര്യം ഭാര്യക്കും അറിയാമായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. 

ഗോലുവാല സ്വദേശിയായ പുഷ്പയെ ഇരുപത് വര്‍ഷം മുന്‍പാണ് ശ്യാം സുന്ദര്‍ വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ തന്നെ കുടുംബത്തിന് താമസിക്കാന്‍ പ്രത്യേകം വീടും നിര്‍മിച്ചു നല്‍കിയിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രതിയായ പ്രിയങ്കയെക്കൂടാതെ ഒരു മകനും മകളും ഇവര്‍ക്കുണ്ട്.

Content Highlights: domestic trouble man burnt to death by wife and daughter in Rajasthan