പള്ളുരുത്തി: റോക്കി എന്ന ആ നായ പ്രദേശത്തിന്റെ കാവല്‍ക്കാരനായിരുന്നു. നാട്ടുകാരുടെ സ്നേഹഭാജനം. പള്ളുരുത്തി സര്‍ക്കാര്‍ ആശുപത്രിക്ക് പിന്‍ഭാഗത്ത് താമസിക്കുന്ന ഏതാണ്ട് 15 വീട്ടുകാര്‍ ചേര്‍ന്നാണ് അവനെ പരിപാലിക്കുന്നത്. അവന് ഭക്ഷണം നല്‍കാനും സ്നേഹത്തോടെ പരിപാലിക്കാനും അവര്‍ മത്സരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി, റോഡരികില്‍ കിടന്ന പ്ലാസ്റ്റിക് പായ്ക്കറ്റിലിരുന്ന വസ്തു അവന്‍ ഭക്ഷിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടു. അവര്‍ നോക്കിനില്‍ക്കെ നായ തളര്‍ന്നുവീണു. ഉടനെ അവന്‍ അന്ത്യശ്വാസം വലിച്ചു. കണ്ടുനിന്നവര്‍ക്ക് ഒന്നും ചെയ്യാനായില്ല. 

സാമൂഹ്യദ്രോഹികളിലാരോ അവന് വിഷം നല്‍കിയതാണ്. നാട്ടുകാര്‍ പല തരത്തിലുള്ള ഭക്ഷണം റോക്കിക്ക് നല്‍കാറുണ്ട്. റോഡരികില്‍ പായ്ക്കറ്റിലാക്കി നല്‍കിയതും ഭക്ഷണമാണെന്നാണ് അത് കണ്ടവര്‍ കരുതിയത്. സാമൂഹ്യവിരുദ്ധരുടെ ക്രൂരത ആ പ്രദേശത്തിന്റെ വേദനയായി. അവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് വന്ന ശേഷം നായയെ സംസ്‌കരിച്ചു. രാത്രി ഈ വഴി പരിചിതരല്ലാത്തവര്‍ കടന്നുവരാന്‍ റോക്കി അനുവദിച്ചിരുന്നില്ല. അനാവശ്യമായി കറങ്ങി നടക്കുന്നവരെ കണ്ടാല്‍ അവന്‍ കുരച്ച് ഓടിക്കും. അതുകൊണ്ട് റോക്കിക്ക് ശത്രുക്കള്‍ ഏറെയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

മൂന്ന് വര്‍ഷത്തോളമായി പ്രദേശത്തിന്റെ കണ്ണിലുണ്ണിയായി മാറിയ നായയെ കുഴിച്ചുമൂടാനായി കൊണ്ടുപോകുമ്പോള്‍, സമീപവാസികളായ സ്ത്രീകള്‍ കരയുന്നുണ്ടായിരുന്നു. നായ കഴിച്ച വിഷവസ്തു നാട്ടുകാര്‍ സൂക്ഷിച്ചിട്ടുണ്ട്. നായയെ വിഷം വച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കി.