ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം മാനസിക വൈകല്യമാണെന്ന് ചിത്രീകരിച്ച് അത്തരക്കാരെ ഷോക്ക് ട്രീറ്റ്മെന്റിന് വിധേയരാക്കിയ ഡോക്ടര്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. ഡല്‍ഹിയിലെ പി.കെ ഗുപ്തയെന്ന ഡോക്ടറാണ് സ്വവര്‍ഗാനുരാഗികളെ ക്രൂരമായ ചികിത്സയ്ക്ക് വിധേയമാക്കിയത്. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടര്‍ ഗുപ്തയെ പുറത്താക്കി. അദ്ദേഹത്തിന് ചികിത്സ തുടരുന്നതില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ചികിത്സയുടെ ഭാഗമായി ഈ ഡോക്ടര്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കുകയും ഷോക്ക് തെറാപ്പി നല്‍കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടി ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗുപ്തയ്ക്ക് നോട്ടീസ് അയച്ചു.

2016ല്‍ തന്നെ ഗുപ്തയെ വിലക്കിയിരുന്നുവെന്നും അനധികൃതമായാണ് അദ്ദേഹം ഡല്‍ഹിയില്‍ ചികിത്സ നടത്തിയതെന്നും മെഡിക്കല്‍ കൗണ്‍സല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വൈദ്യശാസ്ത്രവും നിയമവും അംഗീകരിക്കാത്ത ചികിത്സയാണ് ഡോക്ടര്‍ ഗുപ്ത നടത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ ജഡ്ജി അഭിജിത്ത് മല്‍ഹോത്ര പറഞ്ഞു. 

Content Highlight: Doctor 'treating' homosexuals with electric shock