തൃശ്ശൂർ: കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനായി പോലീസ് തിരച്ചിൽ തുടരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പോലീസിന് മഹേഷിനെ പിടികൂടാനിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുമായിരുന്നു ഒല്ലൂർ പോലീസിന്റെ പ്രതികരണം.

ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സോന മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്.

ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Content Highlights:doctor sona murder case thrissur