കൊൽക്കത്ത: നഗരത്തിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഡോക്ടർമാരായ സഹോദരിമാർക്ക് അയൽക്കാരിയുടെ അധിക്ഷേപം. കോവിഡ് പകരുമെന്ന് പറഞ്ഞാണ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മറ്റൊരു സ്ത്രീ ഡോക്ടമാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഡോക്ടർമാർ അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ കയറുന്നതും ഇവർ വിലക്കി.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. റിതുപർണ ബിശ്വാസ്, സഹോദരിയും കോവിഡ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറുമായ ദീപാന്‍വിദ ബിശ്വാസ് എന്നിവർക്കാണ് അപ്പാർട്ട്മെന്റിൽ ദുരനുഭവമുണ്ടായത്. കെട്ടിടത്തിലെ മുകൾനിലയിലാണ് ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ ദിവസം ലിഫ്റ്റിൽ കയറാനായി പോയപ്പോൾ അപ്പാർട്ട്മെന്റിലെ മറ്റൊരു സ്ത്രീ ഇവരെ തടഞ്ഞു. നിങ്ങൾ കാരണം കോവിഡ് ഞങ്ങൾക്കും കോവിഡ് പകരുമെന്ന് പറഞ്ഞായിരുന്നു ഇവർ ഡോക്ടർമാരെ തടഞ്ഞത്.

മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചതിന് പുറമേ ഇവർ ഡോ. റിതുപർണക്ക് നേരേ വെള്ളമൊഴിച്ചതായും ആരോപണമുണ്ട്. സഹോദരിയായ ദീപാന്‍വിദ ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ സ്ത്രീ മൊബൈൽ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു.

സംഭവത്തിൽ ഡോ. റിതുപർണ ഡംഡം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് മുമ്പും സ്ത്രീ സമാനമായരീതിയിൽ പെരുമാറിയിട്ടുണ്ടെന്നും കോവിഡ് ആശുപത്രിയിലെ ഡോക്ടറായ സഹോദരിയെ നേരത്തെയും അധിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.

സംഭവം വാർത്തയായതോടെ ആരോഗ്യപ്രവർത്തകരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിന് സംഘടന കത്ത് നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസും അറിയിച്ചു.

Content Highlights:doctor sisters abused in their apartment over covid fear