ചണ്ഡീഗഢ്: രാത്രി ഡ്യൂട്ടിക്കിടെ നഴ്സിനെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഡോക്ടറെ നഴ്സുമാർ മർദിച്ചു. ഹരിയാണ പഞ്ചഗുളയിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. നഴ്സിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകാൻ എത്തിയപ്പോളാണ് ഡോക്ടർക്ക് മർദനമേറ്റത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഡോക്ടർ നഴ്സിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കോവിഡ് ഡ്യൂട്ടിക്കിടെ രാത്രി റൗണ്ട്സ് കഴിഞ്ഞതിന് ശേഷമായിരുന്നു അതിക്രമം. വാർഡിലെ വസ്ത്രം മാറുന്ന മുറിയിൽ കയറിയ ഡോക്ടർ വാതിൽ കുറ്റിയിട്ടശേഷം 21-കാരിയായ നഴ്സിനെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഉറക്കെ നിലവിളിച്ച് വാതിൽ തുറന്ന് രക്ഷപ്പെട്ടു. സംഭവസമയം ഇയാൾ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്.

വിവരമറിഞ്ഞ് മറ്റ് ഡോക്ടർമാരും അധികൃതരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ കുറ്റാരോപിതനായ ഡോക്ടർ അത്യാഹിതവിഭാഗം വഴി കടന്നുകളഞ്ഞു. സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഇതോടെ യുവതി കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ടതോടെ ആശുപത്രിയിലെ അന്വേഷണവും ദ്രുതഗതിയിലായി. ഇതിനിടെയാണ് മൊഴി നൽകാനെത്തിയ ഡോക്ടറെ നഴ്സുമാർ മർദിച്ചത്.

അതേസമയം, സംഭവം മൂടിവെയ്ക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് നഴ്സുമാർ ആരോപിച്ചു. എന്നാൽ കുറ്റാരോപിതനായ ഡോക്ടർക്കെതിരേ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി ആശുപത്രി അധികൃതരും പറഞ്ഞു. ഡോക്ടറെ 60 ദിവസത്തേക്ക് ജില്ലയ്ക്ക് പുറത്തേക്കുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസും കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Content Highlights:doctor attempted to molest nurse and thrashed by nurses