കൊച്ചി:  ആലുവ എടത്തലയില്‍ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ശനിയാഴ്ച ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 

ഓഗസ്റ്റ് മൂന്നാം തീയതിയാണ് പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസന്‍ ജോണിയെ മുഹമ്മദ് കബീര്‍ മര്‍ദിച്ചത്. കോവിഡ് ബാധിച്ച ഭാര്യയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നഴ്‌സിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നതിനിടെ ഡ്യൂട്ടി ഡോക്ടറെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. അനുവാദമില്ലാതെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതോടെ ഐ.എം.എ. പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം റൂറല്‍ എസ്.പി.യുടെ ഓഫീസിന് മുന്നില്‍ ഐ.എം.എ.യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ധര്‍ണയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 

പ്രതിയെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി ഐ.എം.എ. ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ആലുവയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടിയുണ്ട്. 

Content Highlights: doctor attacked in aluva accused arrested after 10 days