പന്തളം: ജോലിക്കെത്തിയ യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുംചെയ്ത ദന്ത ഡോക്ടറെ പന്തളം പോലീസ് അറസ്റ്റുചെയ്തു. മങ്ങാരം മുട്ടാര്‍ പഞ്ചവടിയില്‍ ഡോ.ജി.അനിലാണ് (48) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഇടത്തിട്ട ശങ്കരന്‍ വധം: പ്രതിക്ക് ജീവപര്യന്തം 

കൊടുമണ്‍: ഇടത്തിട്ട ശങ്കരന്‍ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. ഇടത്തിട്ട തറയില്‍ വീട്ടില്‍ പ്രകാശിനെ (54)യാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജഡ്ജി പി.എസ്. സൈമയുടേതാണ് വിധി.

2018 മാര്‍ച്ച് 17-നാണ് വട്ടമുരുപ്പേല്‍ വീട്ടില്‍ ശങ്കരന്‍ കൊല്ലപ്പെട്ടത്. രാത്രി ഒന്നരയ്ക്ക് അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നുറങ്ങിയിരുന്ന ശങ്കരനെ ഇരുകാലുകളും ചേര്‍ത്തുപിടിച്ചു കുതികാല്‍ഭാഗം അറത്ത് മുറിപ്പെടുത്തി. രക്തംവാര്‍ന്ന് ശങ്കരന്‍ മരിച്ചെന്നാണ് കൊടുമണ്‍ പോലീസ് ചാര്‍ജ് ചെയ്ത കേസ്. പ്രകാശനെ ചീത്തവിളിച്ചതിലുള്ള വൈരത്തിലായിരുന്നു കൊലപാതകം.

സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും രാസപരിശോധനാ ഫലവും തെളിവാക്കിയാണ് കോടതിയുടെ വിധി. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. സുഭാഷ് ബാബു ഹാജരായി.